ബിഷപ്പ് കോടതിക്ക് പുറത്തേക്ക് വരുന്നു. photo: mathrubhumi
കോട്ടയം: ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി മുറിക്ക് പുറത്ത് പൊട്ടിക്കരഞ്ഞു. സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞ ബിഷപ്പ് ഏറെ സന്തോഷത്തോടെയാണ് കോടതിക്ക് പുറത്തേക്ക് വന്നത്. 'ദൈവത്തിന് സ്തുതി'യെന്ന് മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയെന്ന് ഒറ്റവരിയിലായിരുന്നു കോടതി വിധി. തൊട്ടുപിന്നാലെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ബിഷപ്പ് കോടതിക്ക് പുറത്തേക്കിറങ്ങി. വിധി സംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് 'ദൈവത്തിന് സ്തുതി' എന്ന ഒറ്റവാക്കു മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാതെ ബിഷപ്പ് കാറില്‍ കയറി മടങ്ങി.
ബിഷപ്പിന്റെ അനുയായികളുടെ വലിയ ആരവവും പ്രാര്‍ഥനകളും കോടതിക്ക് പുറത്ത് മുഴങ്ങുന്നുണ്ടായിരുന്നു. വിധി കേള്‍ക്കാനായി വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് കോടതി മുറിയിലെത്തിയിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ കേസില്‍ വിധി പ്രസ്താവിച്ചത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസുകളിലെല്ലാം കോടതി ബിഷപ്പിനെ കുറ്റവിമുക്തമാക്കി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം നല്കിയവര്ക്കും നന്ദി അറിയിക്കുന്നതായും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ അറിയിച്ചു.
വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി രാവിലെ മുതല്‍ വലിയ സുരക്ഷയിലായിരുന്നു കോടതി പരിസരം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം കോടതിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ കോടതിമുറി പരിശോധിച്ചു. കോടതി കോമ്പൗണ്ടിനുള്ളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.
Content Highlights: Bishop franco mulakkal reaction after court verdict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..