Photo: Mathrubhumi
ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിനും തൊഴിലിനും പാസ്പോര്‍ട്ടിനുമടക്കം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 1969-ലെ ജനന, മരണ രജിസ്ട്രേഷന് നിയമം ഭേദഗതിചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. പൊതുജനാഭിപ്രായംതേടി ബില്ലിന്റെ കരട് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും മറ്റും ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മാറ്റങ്ങളോടെയാകും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അടുത്തമാസം ഏഴിനാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടവകാശം, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്ട്രേഷന്, പൊതുമേഖലയിലെയും തദ്ദേശ സര്‍ക്കാര്‍വകുപ്പുകളിലെയും തൊഴില്‍ നിയമനങ്ങള്‍ എന്നിവയ്ക്കെല്ലാം ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ബില്ലില്‍ പറയുന്നു. നിലവിലെ നിയമത്തില്‍ത്തന്നെ ജനനവും മരണവും രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്കൂള്‍ പ്രവേശനം പോലെയുള്ള അടിസ്ഥാന സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ജനനത്തിലും മരണത്തിലും ആശുപത്രികളില്‍നിന്ന് ബന്ധുക്കള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അതതിടങ്ങളിലെ രജിസ്ട്രാര്‍ക്കും നല്‍കേണ്ടത് നിര്‍ബന്ധമാക്കും. സമയാസമയം വിവരം നല്‍കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് പിഴചുമത്തും. മുമ്പ് 50 രൂപയായിരുന്ന പിഴ ആയിരമാക്കി. രജിസ്റ്റര്‍ ഓഫീസുകളില്‍ ലഭിക്കുന്ന ഈ വിവരങ്ങള്‍ കേന്ദ്രതലത്തില്‍ സൂക്ഷിക്കും. ഇതുവഴി പുറം ഇടപെടലുകളില്ലാതെതന്നെ 18 വയസ്സായാല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും വ്യക്തി മരിച്ചാല്‍ പേരു നീക്കാനുമാകും.
Content Highlights: birth certificates mandatory for jobs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..