ടി. പി ജയരാജ് പകർത്തിയ ചിത്രങ്ങൾ
തൃശ്ശൂര്‍: ദേശാടനപ്പക്ഷികളുടെ പറുദീസയായ പുള്ള് കോള്പ്പാടത്തൊരു പക്ഷിയുദ്ധം. ശത്രുവെങ്കിലും കുടുംബക്കാരനായ കായല്പ്പുള്ളിന് വേണ്ടി പോരിനിറങ്ങിയത് ചെങ്കാലന്‍ പുള്ള്. ആ കുഞ്ഞന്‍ പക്ഷിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചത് പരുന്ത് കുടുംബത്തിലെ വെള്ളി എറിയന്‍. ബുധനാഴ്ച രാവിലെ പത്തോടെയാണ് അനിമല്‍ പ്ലാനറ്റിലും നാഷണല്‍ ജിയോഗ്രഫിക്ക് ചാനലിലും മാത്രം കണ്ടിട്ടുള്ള പക്ഷിപ്പോരിന് ഒരു കൂട്ടം പക്ഷിനീരീക്ഷകര് സാക്ഷ്യം വഹിച്ചത്. പാലയ്ക്കല്‍ തൃപ്രയാര്‍ വീട്ടില്‍ ടി.പി. ജയരാജ് ഉള്‍പ്പെടെയുള്ളവര്‍ ഈ പക്ഷിപ്പോര് ക്യാമറയില്‍ പകര്‍ത്തി.
പുള്ള് പാടത്തെ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കടിച്ച് ചത്ത കായല്പ്പുള്ളിനെ (പെരിഗ്രിയന് ഫാല്‍ക്കണ്‍) തിന്നാനെത്തിയതാണ് വെള്ളി എറിയന്‍ (ബ്ലാക്ക് വിങ്ങ്ഡ് കൈറ്റ്). തിന്നാന്‍ തുടങ്ങിയ ഉടനെ ഒരു ചെങ്കാലന്‍പുള്ള് (അമൂര്‍ ഫാല്‍ക്കണ്‍) പറന്നെത്തി. തന്റെ ഇരട്ടി വലിപ്പമുള്ള വെള്ളി എറിയനുമായി അത് പോരുതുടങ്ങി. അപ്രതീക്ഷിതമായിരുന്നു എങ്കിലും വെള്ളി എറിയന്‍ കൂര്‍ത്ത കൊക്കുമായി പ്രതിരോധം തീര്‍ത്തു. ഏതാനും നിമിഷങ്ങള്‍ നീണ്ട പോരാട്ടം. ഒടുവില്‍ പോരാട്ടം നിര്‍ത്തി. ഇരയെ ഉപേക്ഷിച്ച് അത് പറന്നകന്നു.
വെള്ളി എറിയന്‍ പറന്നുപോകും വരെ കായല്പ്പുള്ളിനരികെ ചെങ്കാലന്‍ പുള്ള് നിലയുറപ്പിച്ചു. ദീര്‍ഘദൂരം ദേശാടനം നടത്തുന്നവയാണ് ഇവ. വളരെ കുറച്ചെണ്ണമേ ഓരോ സീസണിലും കേരളത്തിലെത്താറുള്ളൂ. ഇത്തവണ എത്തിയ ഈ പുള്ള് അല്പം ക്ഷീണിതനായി തോന്നിയിരുന്നു. ഒരാഴ്ച മുന്‍പ് ഷോക്കടിച്ച് ചത്ത കായല്‍പ്പുള്ള് ഈ പക്ഷിയെ ആക്രമിക്കുന്നത് കണ്ടിരുന്നുവെന്നും ജയരാജ് പറയുന്നു. വേഗതയേറിയ കായല്പ്പുള്ളുകള് വളരെപ്പെട്ടന്നാണ് ഇരയെ ആക്രമിച്ച് കീഴ്പെടുത്തുക. ഈ ലൈനില്‍ നിന്ന് ഇതിന് മുന്‍പും പക്ഷികള്‍ ഷോക്കേറ്റ് ചത്തിട്ടുണ്ടെന്ന് ജയരാജ് പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ കണ്ടശ്ശാംകടവ് ഡിവിഷന് കീഴിലാണ് ഈ ലൈന്‍. കോള്‍ ബേഡേഴ്സ് പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Birds, TP Jayaraj, Deepa Das, Thrissur, Photography
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..