അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസിൻ ബിനു | Photo: Mathrubhumi
പാലാ: പാലാ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തന്റെ പ്രതിഷേധം വ്യക്തമാക്കി ബിനു പുളിക്കക്കണ്ടം. ചതിയുടെ ദിനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കാലം ഇതിനൊക്കെ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറുത്ത് വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ കീഴ്വഴക്കമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.അത് പറയാതിരിക്കാന്‍ ആവില്ല. ഇവിടെ സ്ഥാനങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്ന എന്റെ പ്രിയപ്പെട്ട കൗണ്‍സിലര്‍മാരുണ്ട്. അവര്‍ നാളെകളില്‍ ഈ സ്ഥാനത്തേക്ക് വരുമ്പോള്‍ സി.പി.എം. എന്ന പ്രസ്ഥാനം അവര്‍ വരണ്ട എന്നൊരു നിലപാടെടുത്താല്‍ അത് ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാകുമോ എന്നും ബിനു ചോദിച്ചു.
മാണി സാറിന്റെ മരണശേഷം ഇവിടെ മകന് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. അതിനാല്‍ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് ടോം വേണോ ജോസ് കെ. മാണി വേണോ അതോ നാടിനെ അറിയുന്ന റോഷി അഗസ്റ്റിനിലൂടെ ഈ മണ്ഡലം തിരിച്ചു പിടിക്കണോ എന്ന് ചര്‍ച്ച നടക്കുമ്പോള്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതില്‍ അഭിപ്രായം പറഞ്ഞാല്‍ ഈ നേതാവിന് എന്ത് പറയാനുണ്ടാകുമെന്നും ജോസ് കെ. മാണിയെ ഉന്നംവെച്ച് അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു മോഹഭംഗവുമില്ല. അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനു വ്യക്തമാക്കി. വ്യക്തിപൂജയുള്ള പാര്‍ട്ടിയല്ല സി.പി.എം. ഒരു തറവാടിനെ കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന കിണറ്റിലെ തവളകളല്ല തങ്ങളുടെ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അത് പറയേണ്ട സാഹചര്യത്തില്‍ പറയുമെന്നും ബിനു കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസിന് ബിനോയ്ക്കുള്ള ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.
ബിനു ഒഴികെ ആരെയും തിരഞ്ഞെടുത്താല്‍ അംഗീകരിക്കാമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിനെ സ്ഥാനാര്‍ഥിയാക്കിയത്.അതേസമയം ബിനുവിനെ ഒഴിവാക്കിയതില്‍ സി.പി.എം. പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. നഗരസഭയ്ക്കുള്ളില്‍വെച്ച് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ എതിരാളി മാണി സി. കാപ്പന് അനുകൂല നിലപാട് എടുത്തുവെന്ന ആരോപണവുമാണ് ബിനുവിനെ കേരളാ കോണ്‍ഗ്രസിന് അനഭിമതനാക്കിയ പ്രധാനകാരണങ്ങള്‍
Content Highlights: Binu pullikakandams speech at pala municipality
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..