കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി നല്‍കിയ ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി.  അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.

ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. 

ബിനോയ് കോടിയേരിയെക്കുറിച്ചുളള വിവരങ്ങള്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുക, കൂടാതെ പെണ്‍കുട്ടിക്കെതിരേ ബിനോയ് കണ്ണൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ അറിയുക തുടങ്ങിയവയാണ് മുംബൈ പോലീസിന്റെ പ്രധാന ഉദ്ദേശ്യം. സംഭവത്തില്‍ മുംബൈപോലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് യുവതിക്കെതിരേ ബിനോയ് നേരത്തെ നല്‍കിയ പരാതി കണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ഓഷിവാര പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.അതിനിടെ ബിനോയ് കോടിയേരി മൂന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

Content highlights: Binoy Kodiyeri sexual abuse case, Mumbai Police reached at Kannur