ന്യൂഡല്‍ഹി:  സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുമായുള്ള സാമ്പത്തിക ഇടപാട് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യു എ ഇ പൗരന്‍ അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍. മാതൃഭൂമി ന്യൂസിനോടാണ് മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാം കിഷോര്‍ സിങ് യാദവ് ഇക്കാര്യം പറഞ്ഞത്.

ബിനോയിക്കെതിരായ നിയമ നപടികളേക്കാള്‍ പണം തിരിച്ചുകിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബിനോയിക്കെതിരെ ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. അതിനാലാണ് ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗത്തില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ദുബായിലെ കേസില്‍ കോടതി ബിനോയിക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

വിവാദമാക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് യെച്ചൂരിയെ സമീപിച്ചത്. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ചില അഭിഭാഷകരും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിച്ചിരുന്നെന്നും ഉത്തര്‍ പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയായ യാദവ് പറഞ്ഞു.

പണം തിരിച്ചുകിട്ടിയാല്‍ കേസ് ഇല്ലെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് നല്‍കിയതെന്നു പ്രസ്താവന ഇറക്കാന്‍ മര്‍സൂഖി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് മൂന്ന് പ്രമുഖര്‍ ചര്‍ച്ച നടത്തുന്നുണ്ട്‌. തിങ്കളാഴ്ചയ്ക്കുള്ളില്‍ പണം കിട്ടിയില്ലെങ്കില്‍ കേസിന്റെ രേഖകള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയ്ക്കു മുന്നേ പണം നല്‍കുമെന്നാണ് മധ്യസ്ഥര്‍ നല്‍കിയ വിവരം. ബിനോയ് കോടിയേരി 13 കോടിയും എം എല്‍ എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ള 11 കോടി രൂപയുമാണ് നല്‍കാനുള്ളത്. പണം ലഭിക്കാത്ത പക്ഷം തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ബിനോയിക്കും ശ്രീജിത്തിനും എതിരെയുള്ള രേഖകളും മറ്റ് വിശദാംശങ്ങളും പരസ്യപ്പെടുത്തുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. 

content highlights: Binoy kodiyeri dubai company money deal