ഓഗസ്റ്റ് 21. ആരു മറന്നാലും ഈ ദിവസം ബിനീഷ് കോടിയേരി മറക്കില്ല. ഉറ്റസുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത് അന്നായിരുന്നു. അന്നുമുതല്‍ നെഞ്ചിടിപ്പേറിയത് കേരളത്തിലുള്ള ബിനീഷ് കോടിയേരിക്കും. ലഹരിമരുന്ന് കേസില്‍ ആരംഭിച്ച അന്വേഷണം ഒടുവില്‍ സ്വര്‍ണക്കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുകയായിരുന്നു. ഒടുവിലിതാ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മകനും എക്കാലവും വിവാദനായകനുമായ ബിനീഷ് കോടിയേരി നിയമത്തിന്റെ പിടിയിലേക്കും.
പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ക്കൊപ്പമാണ് കൊച്ചി വൈറ്റില സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവില്‍ എന്‍.സി.ബിയുടെ പിടിയിലാകുന്നത്. ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വില്പനയില് സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി. ഇതോടെ കേരളത്തിലും ബെംഗളൂരു ലഹരിമരുന്ന് കേസ് ചൂടന്‍ വിഷയമായി. പിന്നാലെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസടക്കം ബിനീഷ് കോടിയേരിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.
ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ കുമരകത്ത് നിശാപാര്‍ട്ടി നടത്തിയെന്നും ഇതിലടക്കം ലഹരിമരുന്ന് ഉപയോഗിച്ചെന്നുമായിരുന്നു ആദ്യ ആരോപണം. ഇതിന് തെളിവായി അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ഫെയ്സ്ബുക്കിലെ ചിത്രവും പുറത്തുവന്നു. മാത്രമല്ല, അനൂപ് മുഹമ്മദിന്റെ സൗഹൃദവലയത്തിലുള്ള സിനിമാതാരങ്ങളിലേക്കും സംശയമുനകള്‍ നീണ്ടു.
വിവാദം കത്തിപ്പടര്‍ന്നതോടെ സംഭവത്തില്‍ ബിനീഷ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. അനൂപിനെ എട്ട് വര്‍ഷമായി നേരിട്ടറിയാമെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ പണം കടമായി നല്‍കിയിട്ടുണ്ടെന്നും ബിനീഷ് സമ്മതിച്ചു. എന്നാല്‍ അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും വിശദീകരണം നല്കി. ലഹരിമരുന്ന് കേസില്‍ അനൂപ് അറസ്റ്റിലായപ്പോള്‍ ഞെട്ടിപ്പോയെന്നും അനൂപിന്റെ ഒരു ബിസിനസിലും താന്‍ പങ്കാളിയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
പക്ഷേ, ആ വിശദീകരണം കൊണ്ടൊന്നും വിവാദം കെട്ടടങ്ങിയില്ല. ഒന്നിനുപിറകെ ഒന്നൊന്നായി ആരോപണങ്ങളും തെളിവുകളും പുറത്തുവന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണില്‍ സംസാരിച്ചത് സംശയത്തിനിടയാക്കി. പിന്നാലെ അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സ്വര്‍ണക്കടത്തിന് ബെംഗളൂരു ലഹരിമാഫിയയില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സൂചന. ഇതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനിറങ്ങി.
ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലേക്ക് അന്വേഷണം നീണ്ടു. ഓരോ വാര്‍ത്ത വരുമ്പോഴും പ്രതിരോധിച്ച ബിനീഷ് കോടിയേരിക്ക് ഒടുവില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. സെപ്റ്റംബര്‍ ഒമ്പതാം തീയതി കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ 11 മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു.
ഇ.ഡിയുടെ ചോദ്യംചെയ്യലിന് പിന്നാലെ ബിനീഷിന്റെ ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള ദുരൂഹതകളും പുറത്തുവന്നു. ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു ആദ്യ ആരോപണം. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ബിനീഷ് കോടിയേരി. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തില്‍ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷിന് ലഭിച്ചെന്നും മൊഴികളുണ്ടായി. ഇതോടെയാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും ഇ.ഡി. വിശദമായ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ഇ.ഡി. രജിസ്ട്രേഷന് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യുഎപിഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതിനാല്‍ ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബെംഗളൂരു ലഹരിമരുന്ന് കേസിലും ബിനീഷിനെതിരേ ഇ.ഡി. കുരുക്ക് മുറുക്കിയത്.
കൊച്ചിയിലെ ചോദ്യംചെയ്യല്‍ കഴിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പാണ് ബിനീഷിനെ ബെംഗളൂരു ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ബെംഗളൂരു ഇ.ഡി. ഉദ്യോഗസ്ഥരുടെ ഈ നീക്കം. അനൂപിനെ വിശദമായി ചോദ്യംചെയ്തതോടെ ബിനീഷിന്റെ പല സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി.ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു.
ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന പണമിടപാട് സ്ഥാപനത്തെക്കുറിച്ചും ഇവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണവും നടത്തി. ഇതിനെല്ലാം ശേഷമാണ് ബിനീഷിനെ ചോദ്യംചെയ്യലിനായി ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. ഒക്ടോബര്‍ ആദ്യവാരമായിരുന്നു ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലെ ഇ.ഡി. ഓഫീസില്‍ ആദ്യമായി ചോദ്യംചെയ്തത്. തുടര്‍ന്ന് ബിനീഷിനെ വിട്ടയക്കുകയും ചെയ്തു. ഇതിനുശേഷം അനൂപ് മുഹമ്മദിനെ ഇ.ഡി. വിശദമായി വീണ്ടും ചോദ്യംചെയ്തിരുന്നു.
ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം നിറഞ്ഞുനിന്നതോടെയാണ് ഒക്ടോബര്‍ 29-ന് ബിനീഷ് കോടിയേരിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ബിനീഷിന് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് ഇ.ഡി. ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വ്യക്തമായ തെളിവുകള്‍ സമ്പാദിച്ചായിരുന്നു ഇ.ഡി.യുടെ നീക്കം. നേരത്തെ പല വിവാദങ്ങളിലും ഉള്‍പ്പെട്ട ബിനീഷ് കോടിയേരിക്ക് ഇത്തവണ മറ്റൊരു വഴിയും മുന്നിലുണ്ടായില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഇനി നിയമത്തിന്റെ വലയ്ക്കുള്ളില്‍.
Content Highlights: Bineesh Kodiyeri, son of state CPM secretary arrested in Bengaluru drug case