എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ് കോടിയേരിയെ സ്‌കാനിങ്ങിനും രക്തപരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന് രാത്രിയോടെ ബിനീഷ് ആശുപത്രിവിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ബിനീഷിനെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയിലേക്കുതന്നെ കൊണ്ടുവന്നു. പിന്നീട് രക്തപരിശോധനയും നടത്തി. ഇവയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബിനീഷിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയി.

ബീനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് ഇഡി അധികൃതര്‍ വ്യക്തമക്കുന്നത്. ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം. ഇതിനിടയില്‍ ബിനീഷിന്റെ സഹോദരനും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അഭിഭാഷകര്‍ ആരോപിച്ചു.  

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളില്‍ ബിനീഷ് ഒപ്പുവെക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യംചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇനി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.

Content Highlights: Bineesh Kodiyeri discharged from hospital