കെ.കെ.രമ| ഫോട്ടോ:റിദിൻ ദാമു മാതൃഭൂമി
കണ്ണൂര്‍: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.കെ.രമ. ബിനീഷ് കോടിയേരിയുടെ പ്രവൃത്തികള്‍ക്ക് മൗനാനുവാദം നല്കുന്ന പിതാവായ കോടിയേരി ബാലകൃഷ്ണന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് അവര്‍ പറഞ്ഞു. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കണം. സ്വന്തം ചോരയും വിയര്‍പ്പും ആയുസ്സും ഈ നേതൃ - മാടമ്പിമാര്‍ക്ക് ചൂഷണത്തിനായി വിട്ടുകൊടുക്കണോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും രമ കൂട്ടിച്ചേര്‍ത്തു.
കെ.കെ.രമയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാര്‍ന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകന് അപനയിക്കപ്പെടുമ്പോള്‍ അതിന് മൗനാനുവാദം നല്കുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാന്‍ എന്തര്‍ഹതയാണുള്ളത്? കോടിയേരി ബാലകൃഷ്ണന് CPM സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നില്‍ക്കുകയും ചെയ്യണം.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് കള്ളക്കടത്തു കേസില്‍ അറസ്റ്റിലാവുമ്പോള്‍ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടില്‍ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകള്. അവരെ പെറ്റ നാടുകള്‍. അവരുടെ ജീവത്യാഗങ്ങളില്‍ അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍.
അവരെറിഞ്ഞുടച്ച സ്വകാര്യ ജീവിതത്തിന്റെ വിലയാണ് നിങ്ങള്‍ വിരാജിക്കുന്ന അധികാരത്തിന്റെയും സുഖലോലുപതയുടേയും മണിമേടകള്‍ എന്ന വസ്തുത പോലും ഈ നേതൃത്വം മറന്നതായി നടിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ മേല്‍വിലാസം മുന്‍നിര്‍ത്തി തന്നെയാണ് മകന് ബിസിനസ് രംഗത്തെ വന്‍കിടക്കാരുമായി ബന്ധങ്ങള്‍ സൃഷ്ടിച്ചതും വികസിപ്പിച്ചതും.
ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര വിവാദ വിഷയങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ ഈ പേര് കേരളം കേട്ടതാണ്? അവ പലതും അണിയറയില്‍ ഒത്തുതീരുകയോ മാഞ്ഞു പോവുകയോ ചെയ്തതും കേരളം കണ്ടതാണ്. അന്നൊന്നും തിരുത്താന്‍ തയ്യാറാവാത്തവര്‍ ഇന്ന് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഒഴിഞ്ഞു മാറുന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്.
പാര്‍ട്ടിക്കുവേണ്ടി കുടുംബജീവിതം വേണ്ടെന്നു വച്ച ഗൗരിയമ്മയെ പുറംതള്ളാന്‍ മടി കാണിക്കാതിരുന്ന പാര്‍ടി നേതൃത്വത്തിന് ഇപ്പോള്‍ കുടുംബവും പാര്‍ട്ടിയും രണ്ടാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാര്‍ന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകന് അപനയിക്കപ്പെടുമ്പോള്‍ അതിന് മൗനാനുവാദം നല്കുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാന്‍ എന്തര്‍ഹതയാണുള്ളത്? കോടിയേരി ബാലകൃഷ്ണന് CPM സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നില്‍ക്കുകയും ചെയ്യണം.
ഈ ആത്മവഞ്ചനയില്‍ നിസ്സഹായരായി പോവുന്നുണ്ടാവും ലക്ഷക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാരണം നിസ്വാര്‍ത്ഥരായ അവര്‍ക്കൊന്നും പൊതുജീവിതവും വ്യക്തി ജീവിതവും രണ്ടായിരുന്നില്ല. അങ്ങനെയൊരച്ഛന്റ മകളായതുകൊണ്ട്, അങ്ങനെയൊരു സഖാവിന്റെ പങ്കാളിയായിരുന്നതു കൊണ്ട്, അത്തരം മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നതു കൊണ്ട്,പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും വീര്‍പ്പുമുട്ടിക്കഴിയുന്ന ആ സഖാക്കളുടെ നോവ് തിരിച്ചറിയാനാവുന്നുണ്ട്. സ്വന്തം ചോരയും വിയര്‍പ്പും ആയുസ്സും ഈ നേതൃ - മാടമ്പിമാര്‍ക്ക് ചൂഷണത്തിനായി വിട്ടുകൊടുക്കണോ എന്നവര്‍ ആലോചിക്കണം.
വിജയന് മാഷ് അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ട് എന്ന് ചൂണ്ടിക്കാട്ടിയതിനാണ് അനഭിമതരായത്. ഒഞ്ചിയത്തിന്റെ ജനതയ്ക്ക് ചെങ്കൊടിയേന്തി പാര്‍ട്ടി വിട്ട് പുറത്തേക്ക് ഇറങ്ങേണ്ടി വന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ ഘട്ടത്തിലെന്ന പോലെ നിരവധി സഖാക്കള്‍ക്ക് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.
കേരളത്തെ രാജ്യാന്തര കുത്തകകള്‍ക്ക് തീറെഴുതുന്ന കണ്‍സള്‍ട്ടന്‍സികളും കരാറുകളും. സാധാരണ മനുഷ്യരെ ചോരയില്‍ മുക്കി കൊല്ലുകയും പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചിന്തിയവരടക്കമുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ളവര്‍ രാജ്യാന്തര സര്‍ണ്ണക്കടത്തിന് അറസ്റ്റില്‍. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി. നമ്മുടെ സഹനങ്ങളും സമരങ്ങളുമായിരുന്നു സത്യം.
CPM സംസ്ഥാന സെക്രട്ടറിയുടെ മകൻ കള്ളക്കടത്തു കേസിൽ അറസ്റ്റിലാവുമ്പോൾ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന...
Posted by K.K Rema on Friday, 30 October 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..