
സദാചാര ഗുണ്ടായിസ കേസിലെ പ്രതി ബിന്ദു കൃഷ്ണയ്ക്കൊപ്പം നിൽക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം, ബിന്ദു കൃഷ്ണ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനുമെതിരേ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി തന്റെ വലംകൈയാണെന്ന പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിന്ദു കൃഷ്ണ. പാലത്തായിലെയും വാളയാറിലെയും കുഞ്ഞുങ്ങള്‍ക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സൈബര്‍ കുഞ്ഞുങ്ങളുടെ പുതിയ തിരക്കഥയാണിതെന്നും ബിന്ദു കൃഷ്ണ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമര്‍ശിച്ചു.
ഒരു ഡിസിസി പ്രസിഡന്റെന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കും തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അവകാശമുണ്ടെന്നും പൊതുചടങ്ങില്‍ വെച്ച് ഫോട്ടോ എടുക്കുന്നവരുടെ ചരിത്രം പഠിക്കാനാകില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കാന്‍ കൊല്ലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നീതി ലഭിക്കാന്‍ ആ അമ്മയുടെയും മകന്റെയും ഒപ്പം താന്‍ ഉണ്ടാകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് അഭയം തേടി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ എന്ന് ചോദിച്ച കേരളാ പോലീസിനെ പോലെ താന്‍ പെരുമാറില്ലെന്നും അവര്‍ പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പുതിയ തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലത്ത് പരവൂരില്‍ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി എന്റെ വലംകൈയാണെന്നാണ് പാലത്തായിലെയും, വാളയാറിലെയും കുഞ്ഞുങ്ങള്‍ക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സൈബര്‍ കുഞ്ഞുങ്ങളുടെ ഭാഷ്യം. പച്ചക്കള്ളങ്ങള്‍ എഴുതി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സൈബര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഞാന്‍ വ്യക്തമായി പറയുകയാണ്, സദാചാര ഗുണ്ടായിസ കേസിലെ പ്രതി ആശിഷ് എന്ന വ്യക്തിയെ എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പരിചയവും ഇല്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ എന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കും എനിക്കൊപ്പം നിന്ന് ചിത്രം എടുക്കാനുള്ള അവകാശമുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ്സുകാരും പൊതുജനങ്ങളും പല സ്ഥലത്ത് വച്ചും എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാറുമുണ്ട്. ആ രീതിയില്‍ പോലും ഈ ഒരു ഫോട്ടോ എടുത്തതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. പൊതുചടങ്ങുകളില്‍ വച്ച് ചിത്രം എടുക്കുന്നവരുടെ ചരിത്രം പരിശോധിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.
ഞാന്‍ അവര്‍ത്തിച്ച് പറയുന്നു. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കാന്‍ കൊല്ലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നാളിതുവരെ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല.
ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടണം. അതിന് വേണ്ടി ആ അമ്മയുടെയും മകന്റെയും ഒപ്പം ഞാന്‍ ഉണ്ടാകും. ആ അമ്മയ്ക്കും മകനും പരാതിയില്ലെങ്കില്‍, അഥവാ അവര്‍ പരാതി പിന്‍വലിച്ചാല്‍ അക്രമിക്കെതിരെ ബിന്ദുകൃഷ്ണയുടെ പരാതിയുണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
കണ്ണൂര്‍ ഡിസിസിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിനാല്‍ നിലവില്‍ ഞാന്‍ കണ്ണൂരിലാണ് ഉള്ളത്.
ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് അഭയം തേടി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ എന്ന് ചോദിച്ച കേരളാ പോലീസിനെ പോലെ ഞാന്‍ പെരുമാറില്ല. ശ്രീ പിണറായി വിജയന് ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ ആര്.എസ്.എസ് ക്രിമിനലുകള്‍ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ആശങ്ക പങ്കുവച്ചത് ഇടതുപക്ഷ മുന്‍നിര വനിതാ നേതാവ് തന്നെയാണെന്ന് സൈബര്‍ കുഞ്ഞുങ്ങള്‍ മറക്കണ്ട.
Content Highlights: Bindu krishna slams against allegations on her in paravoor moral policing issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..