കൊച്ചി: ശബരിമലപ്രവേശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി. 

"ശബരിമലയ്ക്ക് പോകാനായി പുറപ്പെട്ടതിൽ യാതൊരു വിധ ഗൂഢാലോചനയുമില്ല. ശബരിമലയ്ക്ക് പുറപ്പെടുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ആ തരത്തില്‍ തൃപ്തി ദേശായി എന്നോട് സഹായം ആവശ്യപ്പെട്ടു. ഞാന്‍ അവരുടെ കൂടെ വന്നു", ബിന്ദു അമ്മിണി പറഞ്ഞു.

സുരക്ഷിതമായ കേന്ദ്രത്തിലേക്ക് ബിന്ദുവിനെ പോലീസ് കൊണ്ടുപോകുമ്പാഴായിരുന്നു പ്രതികരണം. 

അതേസമയം ശബരിമലയ്ക്ക് പോകാന്‍ സംഘത്തിന് സുരക്ഷ നൽകില്ലെന്ന് പോലീസ് വ്യക്തമാക്കി.

ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം നല്‍കാനാവില്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സംരക്ഷണം നല്‍കാനാവില്ലെന്നും അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാനുള്ള സംരക്ഷണം നല്‍കാമെന്നും കമ്മീഷണര്‍ അറിയിച്ചു.

content highlights: Bindu Ammini response on Sabarimala Review verdict and state government stand