അപകടത്തിന്റെ സിസിടിവി ദൃശ്യം, പരിക്കേറ്റ എസ്.ഐ. | Screengrab | Mathrubhumi News
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ അജ്ഞാതന്‍ ഇരുചക്രവാഹനമുപയോഗിച്ച് ഇടിച്ചിട്ട് രക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി എസ്.ഐ. സന്തോഷിന്റെ കൈയൊടിഞ്ഞു. കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താന്‍ യാത്രികന്‍ തയ്യാറായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കൊച്ചിയില്‍ പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസുകാരനുനേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് എസ്.ഐ. സന്തോഷ് കൈകാണിച്ചു. ഇതോടെ വേഗം കുറച്ച യാത്രക്കാരന്‍ പോലീസിനടുത്തെത്തിയതോടെ വാഹനം വീണ്ടും വേഗം കൂട്ടി പോലീസിനെ ഇടിച്ചിട്ടു.
വേഗം കുറച്ചുള്ള വരവുകണ്ട് വാഹനം നിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. ഇടിച്ചിട്ടതിനെത്തുടര്‍ന്ന് എസ്.ഐ. നിലത്തടിച്ചു വീണു. വാഹനം പിന്തുടര്‍ന്ന് പിടികൂടാന്‍ മറ്റു പോലീസുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് എസ്.ഐ.യെ ആശുപത്രിയിലെത്തിച്ചതോടെ കൈയൊടിഞ്ഞതായും കാലിന് പരിക്കേറ്റതായും കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊച്ചി പോലീസിന്റെ കീഴില്‍ നടക്കുന്ന നടപടിയാണ് കോമ്പിങ് ഓപ്പറേഷന്‍. 370 പേരോളം പോലീസിന്റെ ഓപ്പറേഷനില്‍ പിടിയിലായിരുന്നു. അതില്‍ത്തന്നെ 242 പേരെ മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്നാണ് പിടികൂടിയത്.
Content Highlights: bikers hit police during vehicle inspection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..