വൈപ്പിന്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വൈപ്പിന്‍ സ്‌കൂള്‍മുറ്റത്ത് ചൊവ്വാഴ്ച 2.30-നാണ് അപകടം. ചെറായി കുഞ്ഞേലുപ്പറമ്പില്‍ ഫ്രെഡി (21), പള്ളിപ്പുറം കോണ്‍വെന്റ് കുളങ്ങര അലന (31) എന്നിവരാണ് മരിച്ചത്. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി. രണ്ടുമാസം മുന്‍പുവരെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അലന.

വിദേശത്ത് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈല്‍ ഫോണ്‍ വാങ്ങി ബൈക്കില്‍ ഫ്രെഡിക്കൊപ്പം മടങ്ങുമ്പോഴാണ് അപകടം. കാറിനെ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല. അപകടം നടന്നയുടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരും ഹൈവേ പൊലീസും വൈപ്പിന്‍ അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫ്രെഡിയുടെ പിതാവ്: ജോസഫ് വര്‍ഗീസ്, അമ്മ: ബീന, സഹോദരി ഫെബി. അലനയുടെ പിതാവ്: സ്റ്റാന്‍ലി. അമ്മ: ലീന. ഇരുവരുടേയും സംസ്‌കാരം ബുധനാഴ്ച നടക്കും.