accident
അമ്പിളി

കോഴിക്കോട്: ബൈക്കിനു പിറകില്‍ ബസിടിച്ച് യുവതി മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി മേങ്ങുര്‍ സ്വദേശി ഊന്നുകല്ലുങ്കല്‍ വീട്ടില്‍ വിജയന്റെ മകള്‍ അമ്പിളി വിജയന്‍ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45-ന് കോഴിക്കോട് പൊറ്റമ്മല്‍ ജംഗ്ഷന് സമീപത്തെ ക്ലോക്ക് ടവറിന് മുന്‍പിലായിരുന്നു അപകടം.

ബൈക്കോടിച്ച കാക്കഞ്ചേരി സ്വദേശി റിനീഷ്(24)നെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂര്‍റോഡ് സീമാ ടവറിലെ ത്രീജി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരാണ് രണ്ടുപേരും.

അമ്പിളി ഹോസ്റ്റലിലാണ് താമസം. വീട്ടില്‍ നിന്നും വരുന്നവഴി റിനീഷ് അമ്പിളിയെ കൂടെ കൂട്ടുകയായിരുന്നു. ബസിന്റെ പിന്‍ചക്രത്തിനടയിലേക്ക് വീണ അമ്പിളിയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി ഇറങ്ങി. കൂടരഞ്ഞി -കോഴിക്കോട് റൂട്ടിലോടുന്ന കെ.സി.ബസാണ് അപകടം വരുത്തിയത്. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ( 304 എ) വകുപ്പു പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു.