കോൺഗ്രസ് നേതാക്കൾ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സിപിഎമ്മിന്റെ ഏറ്റവും വലിയ ആയുധം നുണയാണെന്നും സോളാര്‍ കോടതി വിധി അവര്‍ക്കൊരു താക്കീതാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. സിപിഎമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകള്‍ തന്നെയാണെന്ന് കെ.സുധാകരന് പറഞ്ഞു.
അത്തരത്തില്‍ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവര്ത്തകന് ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ സോളാറില്‍ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസില്‍ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാന്‍ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദന് അപഹാസ്യനായിരിക്കുന്നു.
ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍' കെ.സുധാകരന് പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വി.എസ് അച്ച്യുതാനന്ദന്10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സതീശന് പറഞ്ഞു. എല്ലാ കാലങ്ങളിലും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിനു വേണ്ടി എന്ത് ദുരാരോപണങ്ങള്‍ ഉന്നയിക്കാനും ആരുമായും വോട്ട് കച്ചവടം നടത്താനും അവര്‍ മടിക്കാറില്ല. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നേതാക്കള്‍ കാലങ്ങളായി നടത്തുന്നത്. ഇത്തരം നീചമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള താക്കീതാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. സി. പി. എം. ഇത് ഒരു പാഠമായി എടുത്തു ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയാറാവണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അസത്യങ്ങള്‍ പലകുറി ആവര്‍ത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ചെടുക്കുന്ന സിപിഎമ്മന്റെ രാഷ്ട്രീയ പാപ്പരത്വത്തിന് ഏറ്റ കടുത്ത പ്രഹരമാണ് കോടതി വിധിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു.
അന്നത്തെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് ഈ നുണ പ്രചാരണങ്ങള്‍ നടത്തിയത്. എങ്കിലും ഇടതുപക്ഷമുന്നണിയും അതിന്റെ നേതാക്കളും ഒട്ടും മോശമായിരുന്നില്ല.
കുറച്ചെങ്കിലും ജനാധിപത്യ മര്യാദയും പ്രതിപക്ഷ ബഹുമാനവും ഉണ്ടെങ്കില്‍ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ ഇടതുപക്ഷനേതാക്കള്‍ കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം. മനസാക്ഷിയുടെ കോടതിയില്‍ മാത്രമല്ല നീതി പീഠത്തിനു മുന്‍പിലും തന്റെ നിരപരാധിത്വം തെളിയിച്ച ശ്രീ ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി.യെന്ന് ഷാഫി പറമ്പില്‍ കുറിച്ചു.
Content Highlights : CPM's biggest weapon is lies and the verdict in favor of Oommen Chandy is a warning says Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..