കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണമുണ്ടായ സാഹചര്യത്തില്‍ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം  ബുധനാഴ്ച എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലത്തെത്തും.  ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിള്‍ ശേഖരണം ഇന്നും തുടര്‍ന്നു. 

ചാത്തമംഗലം പഞ്ചായത്തില്‍ നിപ്പയുണ്ടായ പാഴൂരിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് ആടുകളുള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ രക്തസാമ്പിള്‍ ഇന്നലെ മുതല്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചത്.  സംസ്ഥാന മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മുതല്‍ ഇവിടെ വവ്വാലുകളുടേയും മൃഗങ്ങളുടേയും സാമ്പിള്‍ ശേഖരിക്കും. 

ചാത്തമംഗലത്ത് നിയന്ത്രണമുണ്ടാവുമെങ്കിലും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് , എന്‍.ഐ.ടി എന്നിവടങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷകള്‍ക്ക് എത്തുന്നവര്‍ക്കും തടസ്സമുണ്ടാവില്ലന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകള്‍ പൂര്‍ണമായും രണ്ട് വാര്‍ഡുകള്‍ ഭാഗികമായും കാരശ്ശേരി ഒരു വാര്‍ഡ് പൂര്‍ണമായും ഒന്ന് ഭാഗികമായും മുക്കം നഗരസഭ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും ഒന്ന് ഭാഗികമായും കണ്ടയിന്റ്മെന്റ് സോണാക്കി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു കഴിഞ്ഞു. നിയന്ത്രണമുള്ള വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ചുള്ള സര്‍വ്വേ ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. പനി, മറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. നിയന്ത്രണമുള്ള ഇടങ്ങളില്‍  പോലീസ് സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു

Content Highlights: Bhopal team will arrive tomorrow for sample collection of bats