വിശ്രമദിനം; ചാലക്കുടിയില്‍ പുലാവും പഴങ്ങളും കഴിച്ച് രാഹുല്‍, ഒരുമണിക്കൂറിലധികം വ്യായാമം 


രാഹുൽ ഗാന്ധി | Photo: twitter.com/INCIndia

ചാലക്കുടി: ചാലക്കുടി ക്രെസന്റ് പബ്ലിക് സ്‌കൂള്‍ മൈതാനിയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നിറയെ വാഹനങ്ങളായിരുന്നു. 60 കണ്ടെയ്‌നറുകളാണ് നിരന്നുകിടന്നിരുന്നത്. സ്‌കൂള്‍ കെട്ടിടത്തിനടുത്തായിരുന്നു രാഹുല്‍ തങ്ങിയിരുന്ന വാഹനം. വിവിധ വാഹനങ്ങളിലായി ജാഥയിലെ സ്ഥിരാംഗങ്ങളുള്‍പ്പടെയുള്ളവര്‍. രാഹുല്‍ അടക്കം എല്ലാവരും വിശ്രമത്തിലായിരുന്നു.

രാഹുല്‍ഗാന്ധി രാവിലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോതുമായി സംഭാഷണം നടത്തി. 9.30 ഓടെ ഗഹ്ലോത് നെടുമ്പാശ്ശേരിയിലേക്ക് യാത്രയായി. ക്രെസന്റ് സ്‌കൂളിനോടു ചേര്‍ന്നുള്ള ക്രെസന്റ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡൈനിങ് ഹാളിലായിരുന്നു രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം. ഉച്ചയോടെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചു. പുലാവും പഴങ്ങളുമായിരുന്നു വിഭവം. വീണ്ടും വാഹനത്തില്‍ കയറിയ രാഹുല്‍ വൈകീട്ട് 3.30 ഓടെ സ്‌കൂളില്‍ മുന്‍കൂട്ടി ഒരുക്കിയിരുന്ന മുറിയിലേക്ക് വ്യായാമത്തിനായി കയറി. ഒരു മണിക്കൂറിലധികം വ്യായാമം. തുടര്‍ന്ന് ഗസ്റ്റ്റൂമിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ കുളി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് കോലഞ്ചേരി, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ എം.കെ. അബ്ദുള്‍ റഹ്മാന്‍, സി.എം. മുഹമ്മദ് ഹാറൂണ്‍, അഡ്വ. പി.കെ. സിദ്ദിക്ക്, കെ.എസ്. സിറാജുദ്ദിന്‍ എന്നിവരുമായി സംസാരിച്ചു.

ശനിയാഴ്ച വൈകീട്ട് തൃശ്ശൂര്‍ നഗരത്തിലെത്തും

തൃശ്ശൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ചവൈകീട്ട് നഗരത്തിലെത്തും. ജില്ലയിലെ രണ്ടാംദിവസത്തെ ജോഡോ പദയാത്ര രാവിലെ 6.30-ന് ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്‌സിനു മുന്നില്‍നിന്ന് ആരംഭിക്കും. 11-ന് ആമ്പല്ലൂരില്‍ എത്തും.

വൈകീട്ട് നാലിന് തലോരില്‍ ആരംഭിക്കുന്ന യാത്ര ഒല്ലൂര്‍, കുരിയച്ചിറ, ശക്തന്‍ സ്റ്റാന്‍ഡ്, പട്ടാളം റോഡ്, എം.ഒ. റോഡ് വഴി സ്വരാജ് റൗണ്ടില്‍ കയറി തെക്കേഗോപുരനടയിലെ പൊതുസമ്മേളനവേദിയില്‍ എത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, കെ.സി. വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദിഗ്വിജയ് സിങ് എന്നിവര്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 151 കലാകാരന്മാര്‍ അണിനിരക്കുന്ന മേളത്തോടെ രാഹുല്‍ഗാന്ധിയെ സ്വീകരിക്കും. 151 വനിതകള്‍ 151 പട്ടുകുടകളുമായി തൃശ്ശൂര്‍ പൂരം കുടമാറ്റത്തിന്റെ പ്രതീകങ്ങള്‍ സൃഷ്ടിക്കും. പുലിക്കളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ്മുട്ട്, മാര്‍ഗംകളി, കോല്‍ക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാഗസ്വരം, ശിങ്കാരിമേളം തുടങ്ങിയവയുണ്ടാകും.

ഇന്നത്തെ ഗതാഗതനിയന്ത്രണം

തൃശ്ശൂര്‍: ചാലക്കുടിയില്‍നിന്ന് തലോര്‍വരെ ദേശീയപാതയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗതാഗതനിയന്ത്രണം. പാതയുടെ പടിഞ്ഞാറുവശത്ത് വാഹനങ്ങള്‍ അനുവദിക്കില്ല. ആറുമുതല്‍ 12 വരെ കിഴക്കുഭാഗത്തെ ട്രാക്കിലൂടെ ഒറ്റവരിഗതാഗതം മാത്രം.

തൃശ്ശൂരില്‍നിന്ന് എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ഭാരവാഹനങ്ങളും കുട്ടനെല്ലൂര്‍ മുതല്‍ പാലിയേക്കര വരെയുള്ള ഭാഗത്ത് തടസ്സമുണ്ടാക്കാത്ത രീതിയില്‍ നിര്‍ത്തിയിടണം. മറ്റു വാഹനങ്ങള്‍ വരിയായി യാത്ര തുടരണം.

എറണാകുളം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ കൊരട്ടിവരെയുള്ള ഭാഗത്ത് നിര്‍ത്തിയിടണം. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഒഴിച്ചുള്ള മറ്റു വാഹനങ്ങള്‍ ചാലക്കുടി കോടതി ജങ്ഷന്‍, പോട്ട ജങ്ഷന്‍, പോട്ട ഓവര്‍ ബ്രിഡ്ജില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാള, ഇരിങ്ങാലക്കുട വഴി യാത്ര തുടരാം.

ഉച്ചയ്ക്ക് രണ്ടിനുശേഷം പാലിയേക്കരയില്‍നിന്ന് തലോര്‍ ഭാഗത്തേക്ക് ഗതാഗതം അനുവദിക്കില്ല. വരന്തരപ്പിള്ളി, കല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന എല്ലാ വാഹനങ്ങളും അളഗപ്പനഗറില്‍നിന്നു തിരിഞ്ഞ് പാലയ്ക്കപ്പറമ്പ്, കുഞ്ഞനംപാറ ഹൈവേയില്‍ പ്രവേശിച്ച് യാത്ര തുടരണം. തൃശ്ശൂര്‍ നഗരത്തിലും ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ നിയന്ത്രണങ്ങളുണ്ട്.

നഗരത്തില്‍ നിയന്ത്രണം ഉച്ചമുതല്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ ശനിയാഴ്ച രണ്ടുമുതല്‍ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. സ്വരാജ് റൗണ്ടില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. വാഹനങ്ങള്‍ റൗണ്ടിനു പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുള്ള കോര്‍പറേഷന്‍ പാര്‍ക്കിങ് മൈതാനം, പള്ളിത്താമം മൈതാനം, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍, പടിഞ്ഞാറേക്കോട്ട നേതാജി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

സ്വകാര്യബസുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടൈയ്‌നര്‍ ലോറികളുള്‍പ്പെടെയുള്ള ചരക്കുവാഹനങ്ങള്‍ കുന്നംകുളത്തുനിന്ന് ചാവക്കാട്, കൊടുങ്ങല്ലൂര്‍ വഴി പോകണം. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്ന് പാലക്കാട് ഭാഗത്തേക്കുള്ളവ പെരുമ്പിലാവ്, ചാലിശ്ശേരി വഴി പോകണം.

എറണാകുളം ഭാഗത്തുനിന്ന് കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കുള്ളവ എറണാകുളം അത്താണി, കോട്ടപ്പുറം, ചാവക്കാട് വഴിയാണ് പോകേണ്ടത്.

Content Highlights: bharat jodo yatra at thrissur, rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented