യാത്രാസംഘത്തിനൊപ്പം സാലഡ് കഴിച്ചും സംവദിച്ചും രാഹുല്‍; മുട്ടുവേദനയ്ക്ക് പഞ്ചകര്‍മ ചികിത്സ


Rahul Gandhi during the Bharat Jodo Yatra | Photo: Twitter/INCIndia

കൊല്ലം: ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പകല്‍മുഴുവന്‍ കൊല്ലത്ത് തങ്ങി. പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിങ് വളപ്പിലെ കണ്ടെയ്‌നറില്‍ മുറിയില്‍ത്തന്നെയായിരുന്നു ഉച്ചവരെ രാഹുല്‍ ഗാന്ധി. പ്രഭാതഭക്ഷണശേഷം പത്രവായനയായിരുന്നു. പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും അദ്ദേഹം സംവദിച്ചു. തുടര്‍ന്ന് വീണ്ടും വായന. പിന്നെ അല്പനേരം ഉറങ്ങി.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ടെയ്നറില്‍നിന്നു പുറത്തിറങ്ങിയ രാഹുല്‍ സ്ഥിരം യാത്രാസംഘങ്ങളുടെ ഭക്ഷണശാലയിലേക്ക് നടന്നു. സുരക്ഷാജീവനക്കാര്‍ പിന്നാലെ പാഞ്ഞു. പദയാത്രികര്‍ക്കൊപ്പം സാലഡ് കഴിച്ചു. ബിഹാറില്‍നിന്നുള്ള ഒന്‍പതംഗ പദയാത്രാസംഘവുമായുള്ള സംവാദമായിരുന്നു പിന്നീട്. ഏഴുദിവസത്തെ യാത്ര നല്‍കിയ അനുഭവങ്ങള്‍, കേരളം എങ്ങനെയുണ്ട്, ബിഹാറുമായുള്ള വ്യത്യാസം എന്താണ്... രാഹുല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. 'വഴിവക്കില്‍ ഒട്ടേറെ സ്‌കൂളുകള്‍ കണ്ടു'-അവര്‍ മറുപടി പറഞ്ഞു. കേരളത്തിലെ കയറ്റിറക്കങ്ങളുള്ള റോഡുകളെപ്പറ്റിയും അവര്‍ പറഞ്ഞു. കയറ്റങ്ങള്‍ നടന്നുകയറാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും അവര്‍ സംസാരിച്ചു. പലര്‍ക്കും ഏഴുദിവസത്തെ തുടര്‍ച്ചയായ നടത്തം ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു.

യാത്രയ്ക്ക് ഒരേ ഒരു ലക്ഷ്യംമാത്രം

യാത്രയ്ക്കിടെ ലഭിച്ച നിവേദനങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവയുടെ പരിഹാരമാര്‍ഗങ്ങളെപ്പറ്റിയിരുന്നു ബിഹാര്‍ സംഘത്തിന്റെ ചോദ്യം. 'പ്രാദേശിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ചര്‍ച്ചകള്‍ക്കും അതത് പി.സി.സി.കളെയും ഡി.സി.സി.കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഭജിച്ചു ഭരിക്കുന്നവര്‍ക്കെതിരേ ഐക്യത്തിന്റെ സന്ദേശമാണ് യാത്രയുടെ ഒരേയൊരു ലക്ഷ്യം. ആ ലക്ഷ്യം മാത്രമേയുള്ളൂ'- രാഹുല്‍ പറഞ്ഞു.

മുട്ടുവേദനയ്ക്ക് പഞ്ചകര്‍മ ചികിത്സ

രാഹുലിന് നേരത്തേതന്നെയുള്ള കാല്‍മുട്ടുവേദന ഏഴുദിവസത്തെ കാല്‍നടയാത്രയോടെ വീണ്ടും തലപൊക്കി. വിശ്രമദിനമായ വ്യാഴാഴ്ച വൈകീട്ട് താമസസ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പഞ്ചകര്‍മ ചികിത്സാകേന്ദ്രത്തില്‍ രാഹുലിന് ചികിത്സ തുടങ്ങി. ഒരുമണിക്കൂറിനുശേഷം വീണ്ടും അദ്ദേഹം കണ്ടെയ്നറിലെ മുറിയിലേക്ക് കയറി.

കൊല്ലത്ത് ഇന്നു ഗതാഗത നിയന്ത്രണം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനാല്‍ പോളയത്തോടുമുതല്‍ കരുനാഗപ്പള്ളിവരെയുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ജാഥ കടന്നുപോയശേഷം നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കും.

രാവിലെ ആറരയ്ക്ക് പോളയത്തോടുനിന്നാണ് ജാഥ ആരംഭിക്കുന്നത്. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ മേവറം-കല്ലുംതാഴം-കാവനാട്-ആല്‍ത്തറമൂട് വഴി കടന്നുപോകണം. ആലപ്പുഴഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇതേ വഴിതന്നെയാണ് ഉപയോഗിക്കേണ്ടത്. പദയാത്ര കളക്ടറേറ്റ്, രാമന്‍കുളങ്ങരഭാഗത്ത് എത്തുമ്പോള്‍ കരുനാഗപ്പള്ളിയില്‍നിന്നുള്ള വാഹനങ്ങള്‍ ചവറ-ടൈറ്റാനിയം-ശാസ്താംകോട്ട-ഭരണിക്കാവ് വഴി തിരിച്ചുവിടും.

കൊട്ടിയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കണ്ണനല്ലൂര്‍-കുണ്ടറ-ഭരണിക്കാവ് വഴിയാണ് പോകേണ്ടത്. കൊല്ലം നഗരത്തില്‍ ജാഥ ചിന്നക്കട മേല്‍പ്പാലം കടന്നുവരുമ്പോള്‍ കപ്പലണ്ടിമുക്കില്‍നിന്നുള്ള വാഹനങ്ങള്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ്-കൊച്ചുപിലാംമൂട്-തങ്കശ്ശേരി-വെള്ളയിട്ടമ്പലം വഴി തിരിച്ചുവിടും. കാവനാട് ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങള്‍ വെള്ളയിട്ടമ്പലം-തെക്കേ കച്ചേരി-മൂതാക്കര-തീരദേശറോഡ് വഴിയാണ് പോകണം. അഞ്ചാലുംമൂട് ഭാഗത്തുനിന്ന് വരുന്നവ ബൈപ്പാസ് കല്ലുംതാഴംവഴി കൊല്ലത്ത് എത്തണം. ഹൈസ്‌കൂള്‍ ജങ്ഷന്‍ വഴി ജാഥ കടന്നുപോകുന്ന സമയത്ത് ഗതാഗതം അനുവദിക്കില്ല.

Content Highlights: bharat jodo yatra at kollam, rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented