ചുണ്ടന്‍വള്ളത്തില്‍ ചാടിക്കയറി തുഴക്കാരനായി രാഹുല്‍; പുരവഞ്ചിയില്‍ ടൂറിസം ചര്‍ച്ച


ഭാരത്ജോഡോയാത്രയുടെ ഭാഗമായി ആലപ്പുഴ പുന്നമടയിൽ നടന്ന പ്രദർശന വള്ളംകളിയിൽ നടുവിലേപറമ്പൻ ചുണ്ടനിൽ തുഴയുന്ന രാഹുൽഗാന്ധിയും കെ.സി വേണുഗോപാൽ എം.പി.യും, ഭാരത്ജോഡോയാത്ര ആലപ്പുഴയിലെത്തിയപ്പോൾ സ്‌കൂൾ യൂണിഫോമിലെത്തിയ അൽഫോൺസാ ലാലു രാഹുൽഗാന്ധിക്കൊപ്പം

ആലപ്പുഴ: ആലപ്പുഴയുടെ സ്പന്ദനങ്ങള്‍ അടുത്തറിയാനുള്ള ശ്രമത്തിലായിരുന്നു രാഹുല്‍ഗാന്ധി തിങ്കളാഴ്ച. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ മൂന്നാംദിനത്തില്‍ നേരത്തേ നിശ്ചയിച്ച പരിപാടികള്‍ കൂടാതെ മറ്റു കാഴ്ചകളിലേക്കും കൗതുകങ്ങളിലേക്കും അദ്ദേഹം കടന്നു.

പുലര്‍ച്ചേ വാടയ്ക്കല്‍ കടപ്പുറത്തെ തൊഴിലാളികള്‍ കണികണ്ടത് രാഹുലിനെയാണ്. കടലില്‍നിന്നെത്തിയ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും കണ്ട അദ്ദേഹം അവരുടെ ജീവിതപ്രയാസങ്ങള്‍ കേട്ടു. ജാഥയെ ഇതൊന്നും ബാധിക്കരുതെന്ന് നിഷ്‌കര്‍ഷയുള്ളതിനാല്‍ കൃത്യം ആറരയ്ക്കുതന്നെ ജാഥ പുറപ്പെടുന്ന അറവുകാട്ടേക്ക് അദ്ദേഹം കുതിച്ചെത്തി.

പുന്നപ്ര അറവുകാട് ക്ഷേത്രത്തിനു മുന്നില്‍നിന്നാണ് യാത്ര പുറപ്പെട്ടത്. സ്ഥിരം യാത്രികരുടെ നിര മുന്നോട്ടുനീങ്ങിയപ്പോഴാണ് അദ്ദേഹമെത്തിയത്. അപ്പോള്‍ അധികം നേതാക്കള്‍ എത്തിയിരുന്നില്ല. ബ്ലോക്ക് പ്രസിഡന്റ് സഞ്ജീവ് ഭട്ടും ഏതാനും നേതാക്കളും മാത്രമാണ് നടക്കാനുണ്ടായിരുന്നത്. യാത്ര പറവൂരെത്തിയപ്പോള്‍ രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ഒപ്പംചേര്‍ന്നു.

ആലപ്പുഴ നഗരഹൃദയത്തിലൂടെയാണ് മൂന്നാംദിന യാത്ര കടന്നുപോയത്. ഓരോ ഘട്ടത്തിലും ഇരുവശങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. കൊച്ചുകുട്ടികളെയും അമ്മമാരെയും നിവേദനം നല്‍കാനെത്തുന്നവരെയും ഒപ്പംനടത്തി അദ്ദേഹം നീങ്ങി. കലവൂര്‍ കാംലോട്ടിലായിരുന്നു രാവിലെ യാത്ര സമാപിച്ചത്.

തുടര്‍ന്നാണ് കായല്‍സഞ്ചാരത്തിനും മറ്റുമായി അദ്ദേഹം സമയം ചെലവിട്ടത്. ഇതിനിടെ കാണാന്‍ വന്നവരുമായി ആശയവിനിയമം നടത്തി. കായല്‍യാത്ര കഴിയാന്‍ വൈകിയതിനാല്‍ വൈകീട്ട് അഞ്ചരയോടെയാണ് കണിച്ചുകുളങ്ങരയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. അപ്പോഴേക്കും നൂറുകണക്കിനു പ്രവര്‍ത്തകര്‍ യാത്ര പുനരാരംഭിച്ച കലവൂരിലെ കയര്‍ഗവേഷണകേന്ദ്രത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ചുണ്ടന്‍വള്ളത്തില്‍ തുഴക്കാരനായി രാഹുല്‍

പുന്നമടയിലെ പ്രദര്‍ശന വള്ളംകളിക്കിടെ ചുണ്ടന്‍വള്ളത്തില്‍ രാഹുല്‍ഗാന്ധി ചാടിക്കയറി തുഴഞ്ഞത് ആവേശമുണര്‍ത്തി. ഭാരത് ജോഡോ യാത്രയുമായി എത്തിയ രാഹുല്‍ഗാന്ധിക്ക് വള്ളംകളിയുടെ നാടായ ആലപ്പുഴയില്‍ ജലോത്സവത്തോടെ സ്വീകരണം നല്‍കുകയായിരുന്നു സംഘാടകര്‍. യാത്രയുടെ ഇടവേളയില്‍ കുട്ടനാടും സന്ദര്‍ശിച്ചു. വള്ളംകളി സ്ഥലത്തേക്കെത്തിയപ്പോള്‍ ഡോക്കുചിറയ്ക്കു സമീപം രാഹുല്‍ഗാന്ധിയെ ചുണ്ടന്‍വള്ളത്തിലെ തുഴക്കാര്‍ ആവേശപൂര്‍വം സ്വീകരിച്ചു. രാഹുലിനൊപ്പം കെ.സി. വേണുഗോപാലും തുഴഞ്ഞു. നടുവിലേപ്പറമ്പന്‍, വള്ളംകുളങ്ങര, ആനാരി ചുണ്ടന്‍ എന്നിവ പങ്കെടുത്തു. പങ്കെടുത്ത മൂന്നു ചുണ്ടന്‍വള്ളങ്ങള്‍ക്കും രാഹുല്‍ഗാന്ധി ട്രോഫി നല്‍കി.

കടലിന്റെ മക്കളെക്കാണാന്‍ രാഹുല്‍ കടപ്പുറത്തെത്തി

ആലപ്പുഴ: മത്സ്യത്തൊഴിലാളികളോടു നേരിട്ടു സംവദിക്കാന്‍ രാഹുല്‍ഗാന്ധി കടപ്പുറത്തെത്തി. ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ മൂന്നാംദിവസമായ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പാതിരപ്പള്ളി കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണു മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച രാത്രി വൈകി തീരുമാനം പിന്‍വലിച്ച് അവരെക്കാണാന്‍ കടപ്പുറത്തെത്തുമെന്ന് അറിയിക്കുകയായിരുന്നു. വാടയ്ക്കല്‍ മത്സ്യഗന്ധി ബീച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചേ ആറുമണിയോടെയാണ് രാഹുല്‍ എത്തിയത്.

കടപ്പുറത്തെ മത്സ്യത്തൊഴിലാളിയുടെ മകനും ഗവേഷണ വിദ്യാര്‍ഥിയുമായ രാഹുലാണ് രാഹുല്‍ഗാന്ധിയോട് ആദ്യചോദ്യം ചോദിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ഒരുസഹായവും കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കുന്നില്ല. വിദ്യാഭ്യാസം നേടിയാലും തൊഴിലില്ലാത്ത സാഹചര്യമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു. സമ്പന്നര്‍ക്കുവേണ്ടിയുള്ള അവസരങ്ങള്‍ ഒരുക്കുകമാത്രമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറിയെന്നായിരുന്നു അതിനു രാഹുല്‍ഗാന്ധിയുടെ മറുപടി.

ഇന്ധനവിലവര്‍ധനയെക്കുറിച്ചും ഇന്ധനസബ്‌സിഡി ലഭിക്കാത്തതിനെപ്പറ്റിയും ക്ഷേമനിധി പദ്ധതിയുടെ അപര്യാപ്തതകളെക്കുറിച്ചും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്നകാര്യം ആലപ്പുഴ രൂപത പി.ആര്‍.ഒ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി ചൂണ്ടിക്കാട്ടി. നേതാക്കളെക്കൂടാതെ അറപ്പക്കല്‍ ദേവമാതാ പള്ളി വികാരി ക്ലിഫന്റ് ഫെര്‍ണാണ്ടസ്, വിയാനിപ്പള്ളി വികാരി ഫാ. എഡ്വേഡ് പുത്തന്‍പുരയ്ക്കല്‍ എന്നിവരും പങ്കെടുത്തു.

പുരവഞ്ചിയിലൊരു ടൂറിസംചര്‍ച്ച

ഹോട്ടല്‍, പുരവഞ്ചി, ട്രാവല്‍ ഏജന്‍സി എന്നിവരുടെയെല്ലാം സംസ്ഥാന പ്രതിനിധികളുമായി രാഹുല്‍ ചര്‍ച്ച നടത്തി. ടൂറിസംമേഖലയിലെ പ്രതിസന്ധിയും സാധ്യതകളും അവര്‍ വിവരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ., തോമസ് ജോസഫ്, കെ.കെ. ഷാജു എന്നിവരും പങ്കെടുത്തു.

ഭീമഹര്‍ജി

കാംലോട്ടില്‍ വെച്ച് അങ്കണവാടിജീവനക്കാരുടെ പ്രശ്‌നങ്ങളുടെ ഭീമഹര്‍ജിയുമായെത്തിയ ത്രേസ്യാമ്മയെയും മണി എസ്. നായരെയും ഇരുവശവും നടത്തിച്ച് പ്രശ്‌നങ്ങള്‍ കേട്ടു. ഇവയെല്ലാം പാര്‍ലമെന്റിലുന്നയിക്കാമെന്ന ഉറപ്പും ഇവര്‍ക്കു നല്‍കി. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) നേതാക്കളാണ് ഇരുവരും.

ഐശ്യര്യയിലും മോഹനത്തിലും അതിഥി

ദേശീയപാതയ്ക്കടുത്തുള്ള വീടിനു മുന്നിലൂടെ യാത്ര കടന്നുപോകുമ്പോള്‍ രാഹുലിനെ ഒന്നു കാണണമെന്നേ പ്രഭല്‍കുമാറും കുടുംബവും ആഗ്രഹിച്ചിരുന്നുള്ളൂ. അവരെ ഞെട്ടിച്ച് രാഹുല്‍ പറവൂര്‍ പബ്ലിക് ലൈബ്രറിക്കു സമീപമുള്ള ഐശ്വര്യയില്‍ പ്രഭല്‍കുമാറിന്റെ വീട്ടിലേക്കു കയറുകയായിരുന്നു. ഇതുതന്നെയാണ് ആറാട്ടുവഴി അനില്‍മോഹന്റെ മോഹനം വീട്ടിലുമുണ്ടായത്. രണ്ടുവീട്ടിലും കുടുംബാംഗങ്ങളുമായി പത്തുമിനിറ്റോളം കുശലംപറഞ്ഞ് ചിത്രവുമെടുത്താണു മടങ്ങിയത്.

പ്രത്യേക മെഡിക്കല്‍ സംഘം

കേരളത്തില്‍ യാത്രയെ അനുഗമിക്കുന്ന പ്രത്യേക മെഡിക്കല്‍സംഘത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ശ്വാസകോശരോഗവിഭാഗം പ്രൊഫസര്‍ ഡോ. പി.എസ്. ഷാജഹാന്‍ നയിക്കുന്നു. ഒറ്റൂര്‍ ഗവ. ആശുപത്രിയിലെ ഡോ. എസ്.പി. ലിഖിന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍മാരായ എസ്.എം. അനസ്, ടി.ആര്‍. കാര്‍ത്തിക്, എസ്. ഷിജാസ് എന്നിവരാണ് സംഘത്തിലുള്ളത്.

രാഹുല്‍ ഇന്നു രാത്രി എറണാകുളം ജില്ലയില്‍

കൊച്ചി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച എറണാകുളം ജില്ലയില്‍ പര്യടനമാരംഭിക്കും. ആലപ്പുഴ ജില്ലയിലെ യാത്രയുടെ സമാപനത്തിനു ശേഷം ചൊവ്വാഴ്ച രാത്രി ഏഴിന് അരൂരിലെത്തുന്ന രാഹുലിന് ഫിഷറീസ് സര്‍വകലാശാലാ അങ്കണത്തില്‍ കണ്ടെയ്‌നറിലാണ് രാത്രി വിശ്രമം. ബുധനാഴ്ച രാവിലെ 6.30-ന് കുമ്പളം ടോള്‍ പ്ലാസയിലാണ് ജില്ലയിലെ പര്യടനം ആരംഭിക്കുക. 10.30-ന് ഇടപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ യാത്ര എത്തും. ജാഥാംഗങ്ങള്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, ദേശീയ നേതാക്കള്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്കൊപ്പം അവിടെ പ്രഭാത ഭക്ഷണം. ഒരു മണി മുതല്‍ മൂന്നുവരെ സാമൂഹ്യ, സാംസ്‌കാരിക പ്രമുഖര്‍, മതമേലധ്യക്ഷര്‍ എന്നിവരുമായി കൂടിക്കാഴ്ച. നാലിന് ഇടപ്പള്ളി ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി ഏഴിന് ആലുവ സെമിനാരിപ്പടിയിലെത്തും. അവിടെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും. തുടര്‍ന്ന് രാത്രി യു.സി. കോളേജ് അങ്കണത്തില്‍.

വ്യാഴാഴ്ച രാവിലെ 6.30-ന് ആലുവ ദേശം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര 10.30-ന് കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി സംവാദം. തുടര്‍ന്ന് യാത്ര തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കും.

Content Highlights: bharat jodo yatra at alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented