വെട്ടുകേക്കും പൊറോട്ടയും ഓംലെറ്റും കഴിച്ച് രാഹുല്‍ ഗാന്ധി, പാത്രം ഇനി നിധിയെന്ന് ഹോട്ടലുടമ


രാഹുൽ ഗാന്ധി ഓച്ചിറയിലെ മലബാർ ഹോട്ടലിൽപ്രഭാതഭക്ഷണം കഴിക്കുന്നു

കൊല്ലം: പരബ്രഹ്‌മത്തിന്റെ മണ്ണിലെത്തിയ രാഹുലിന് മോഹം, ചായകുടിക്കണം, ഒപ്പം ചെറുകടിയും. പിന്നെ അമാന്തിച്ചില്ല. സുരക്ഷാ ജീവനക്കാര്‍ കെട്ടിയ വടവും കടന്ന് അന്‍സര്‍ മലബാറിന്റെ ചായപ്പീടികയിലേക്ക്. അമ്പരപ്പോടും ഒപ്പം അതിശയത്തോടും നിന്ന അന്‍സറിന്റെ ജ്യേഷ്ഠന്‍ സലിമിനോടും ചായ അടിക്കുന്ന രാജനോടും കണ്ണുകള്‍ ഇറുക്കി പുഞ്ചിരിച്ചു. മേശയുടെ പിന്നിലെ കസേരയിലിരുന്നു. പരിസരബോധം വീണ്ടെടുത്ത സലിം എന്താണ് വേണ്ടതെന്ന് അറിയാവുന്ന ഹിന്ദിയില്‍ ആരാഞ്ഞു.

ചായവേണം. അലമാരയില്‍ നിരത്തി മനോഹരമായി അടുക്കിവെച്ചിരിക്കുന്ന വെട്ടുകേക്കിലേക്ക് രാഹുലിന്റെ നോട്ടം. ആഗ്രഹം പിടികിട്ടിയ സലിം വെട്ടുകേക്ക് ഒന്നെടുത്തുനല്‍കി. അപ്പോഴേക്കും കടുപ്പത്തില്‍ ചായയുമായി രാജനുമെത്തി. പിന്നെ കുശലാന്വേഷണമായി. തുടര്‍ന്ന് ഒരു പൊറോട്ടയും ഓംലെറ്റുംകൂടി കഴിച്ചു. വളരെ രുചികരം എന്ന അഭിപ്രായവും രാഹുല്‍ പറഞ്ഞു. രാഹുല്‍ തന്റെ ചായപ്പീടികയില്‍ ഉണ്ടെന്നറിഞ്ഞ അന്‍സറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദും ഓടിയെത്തി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു. ഉടന്‍തന്നെ കെ.സി.വേണുഗോപാല്‍ ഇടപെട്ടതോടെ അകത്തേക്ക് പ്രവേശനമായി. അപ്പോഴേക്കും സ്വാതന്ത്ര്യസമര സേനാനി ഇലങ്കത്തു ഇബ്രാഹിംകുട്ടിയുടെ മകന്‍ ഇസ്മയില്‍ ഇലങ്കത്തും അന്‍സറിന്റെ മക്കളായ അമീനും അഹദും അഭിനാനും രാഹുലിന്റെ അടുത്തെത്തി. എല്ലാവരുമായും കുശലാന്വേഷണം.ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍സറിന് ചാരിതാര്‍ഥ്യം.

രാഹുല്‍ ഭക്ഷണംകഴിച്ച പാത്രം ഇനിമുതല്‍ നിധിപോലെ ഷോക്കേസില്‍ സൂക്ഷിക്കുമെന്ന് അന്‍സര്‍. അരമണിക്കൂര്‍ രാഹുല്‍ കടയില്‍ ചെലവഴിച്ചു. തുടര്‍ന്ന് നന്ദിപറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക്. കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, ഡി.സി.സി. പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, സി.ആര്‍.മഹേഷ് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

രാഹുലിന് നിവേദനവുമായി മലമ്പണ്ടാര സമൂഹം

ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ താമസിക്കുന്ന മലമ്പണ്ടാര സമുദായത്തിലെ കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണമണിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. 40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒരു കുടുംബം ഇവിടെ താമസിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 33 കുടുംബങ്ങളിലായി ഇരുനൂറോളം പേര്‍ വാടകയ്ക്കു താമസിക്കുകയാണ്.

അടുത്തകാലത്ത് ഇവര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും അനുവദിച്ചുനല്‍കിയിരുന്നു. 22 കുടുംബങ്ങളെ ലൈഫ് പദ്ധതിയിലും ഉള്‍പ്പെടുത്തി. കുട്ടികളുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പട്ടികജാതി വിഭാഗമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിയമതടസ്സമുള്ളതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ നല്‍കുന്നില്ല.

ഇവര്‍ പട്ടികവര്‍ഗ വിഭാഗക്കാരാണന്ന് സ്ഥിരീകരിക്കാന്‍ കിര്‍ത്താഡ്‌സിനെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും അവര്‍ സ്വീകരിച്ചിട്ടില്ല. നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്.എല്‍.സി. വിജയിച്ച 15 കുട്ടികളും പ്ലസ് ടു വിജയിച്ച എട്ടു കുട്ടികളും അടങ്ങുന്ന സംഘമാണ് ഭാരത് ജോഡോ യാത്രയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സമീപിച്ചത്.

സി.ആര്‍.മഹേഷ് എം.എല്‍.എ. കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തി.അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി കെ.സി.വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായി എം.എല്‍.എ. അറിയിച്ചു.

ജോഡോ യാത്ര ആവേശം പകര്‍ന്ന് കൊല്ലം പിന്നിട്ടു

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ മൂന്നാംദിനവും വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശംപകര്‍ന്നു. ആ ആവേശത്തോടെ ജാഥ ഓച്ചിറയില്‍നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 6.35-ന് കരുനാഗപ്പള്ളി പുതിയകാവില്‍നിന്നു പുറപ്പെട്ട യാത്ര എട്ടുമണിയോടെ ഓച്ചിറയിലെത്തി. നിരത്തിലും പാതയോരത്തും ജനക്കൂട്ടമായിരുന്നു.

സാഹസിക നീന്തല്‍താരം ഡോള്‍ഫിന്‍ രതീഷിനോടും വ്‌ളോഗര്‍ കടല്‍മച്ചാന്‍ വിഷ്ണുവിനോടും കഥകളിവേഷമണിഞ്ഞ് ജാഥയ്‌ക്കൊപ്പം നീങ്ങിയ കരുനാഗപ്പള്ളി സ്വദേശി ഗോപകുമാറിനോടും ഇടയ്ക്കുകയറിവന്ന സഹോദരിമാരോടും അമ്മമാരോടുമെല്ലാം സംസാരിച്ചും ചേര്‍ത്തുപിടിച്ചും നടന്ന രാഹുല്‍ ഇഷ്ടപ്പെട്ട കാഴ്ചകള്‍ സ്വന്തം മൊബൈലിലേക്കും പകര്‍ത്തുന്നുണ്ടായിരുന്നു.

ഓച്ചിറ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിനുസമീപം കെട്ടിടത്തിനുമുകളില്‍ ത്രിവര്‍ണ വസ്ത്രമണിഞ്ഞ് ഒരാള്‍ ഒരക്ഷരം ദേഹത്തെഴുതി ചേര്‍ന്നുനിന്ന് നാഷണല്‍ അണ്‍ എംപ്‌ളോയ്മെന്റ് ഡേ എന്ന ആശയം ആവിഷ്‌കരിച്ചത് അദ്ദേഹം മൊബൈലില്‍ പകര്‍ത്തി. കെ.എസ്.യു. പ്രവര്‍ത്തകര്‍ കൊടുത്ത നീലബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിവിട്ടു. കൈവീശിയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയും ജനപ്രവാഹമായാണ് ജില്ലാ അതിര്‍ത്തിയിലെത്തിയത്. ഓച്ചിറ ടൗണിനടുത്ത് മലബാര്‍ ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണവും കഴിച്ചാണ് ആലപ്പുഴയിലേക്കു കടന്നത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍ എം.പി., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, സി.ആര്‍.മഹേഷ് എം.എല്‍.എ., പി.സി.വിഷ്ണുനാഥ് എം.എല്‍.എ., എ.ഐ.സി.സി. അംഗം ബിന്ദുകൃഷ്ണ, കര്‍ഷക കടാശ്വാസ കമ്മിഷന്‍ അംഗം കെ.ജി.രവി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

രാഹുലിന് മെത്തപ്പായ സമ്മാനിച്ചു; താരമായി ശങ്കരിയമ്മ

ഓച്ചിറ: സ്വയം നെയ്‌തെടുത്ത മെത്തപ്പായ രാഹുലിനു സമ്മാനിച്ച തഴവ കുതിരപ്പന്തി കണ്ണങ്കരത്തറയില്‍ ശങ്കരിയമ്മയാണ് ഇപ്പോള്‍ നാട്ടിലെ താരം. സംഭവം രാഹുല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ ശങ്കരിയമ്മ സാമൂഹികമാധ്യമങ്ങളിലും ജനശ്രദ്ധ നേടി. മെത്തപ്പായ സ്വീകരിച്ചശേഷം രാഹുല്‍ ചേര്‍ത്തുനിര്‍ത്തി ആശ്ലേഷിച്ചതോടെ എണ്‍പതുകഴിഞ്ഞ ശങ്കരിയമ്മയ്ക്ക് അതിരറ്റ ആഹ്ലാദം.

ഭാരത് ജോഡോ യാത്ര സമീപപ്രദേശമായ വവ്വാക്കാവിലൂടെ കടന്നുപോകുമെന്ന് നേരത്തേ അറിഞ്ഞതുമുതല്‍ അദ്ദേഹത്തെ നേരില്‍ക്കാണണമെന്ന് ആഗ്രഹമായി ശങ്കരിയമ്മയ്ക്ക്. ആഗ്രഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൈപ്ലേത്ത് ഗോപാലകൃഷ്ണനോട് പറഞ്ഞു. അദ്ദേഹം വഴിയുണ്ടാക്കാമെന്നേറ്റതോടെ വെറുംകൈയോടെ എങ്ങനെ രാഹുലിനെ കാണുമെന്നായി ചിന്ത. കുട്ടിക്കാലംമുതല്‍ തഴപ്പായനെയ്ത്തിനെ ആശ്രയിച്ചുകഴിയുന്ന ശങ്കരിയമ്മ ഒരു കാര്യം നിശ്ചയിച്ചു. ഏറ്റവും മുന്തിയ ഇനം മെത്തപ്പായതന്നെ രാഹുലിനു സമ്മാനിക്കണം. അങ്ങനെ ഇളംകൈത വെട്ടി, മുള്ളുകളഞ്ഞ്, പുഴുങ്ങി ഏറ്റവും മൃദുവായ മെത്തപ്പായ നെയ്‌തെടുത്തു. ശാരീരിക അവശതകളെല്ലാം മറന്ന് രണ്ടാഴ്ചയെടുത്താണ് വിപണിയില്‍ 3,500 രൂപ വിലവരുന്ന മനോഹരമായ മെത്തപ്പായ നെയ്‌തെടുത്തത്.

മെത്തപ്പായുമായി അതിരാവിലെതന്നെ ഗോപാലകൃഷ്ണനുമൊത്ത് വവ്വാക്കാവിലെത്തി ദേശീയപാതയുടെ ഓരംചേര്‍ന്നു നിന്നു. ശങ്കരിയമ്മ എത്തിയ വിവരം സി.ആര്‍.മഹേഷ് എം.എല്‍.എ.യെ അറിയിച്ചതിനെത്തുടര്‍ന്ന്, കെ.സി.വേണുഗോപാല്‍വഴി രാഹുലിന് മെത്തപ്പായ നല്‍കാന്‍ അനുവാദമായി. നിറഞ്ഞ മനസ്സോടെയാണ് തന്റെ സ്‌നേഹം കൈമാറിയതെന്നു പറയുമ്പോള്‍ ശങ്കരിയമ്മയുടെ സന്തോഷം ഇരട്ടിയായി.

രാഹുലിന്റെ മുതുമുത്തച്ഛന്‍ നെഹ്‌റുവിനും തഴവ തഴപ്പായ സമ്മാനിച്ചിട്ടുണ്ട്. 1953-ല്‍ നെഹ്‌റു കരുനാഗപ്പള്ളിയില്‍ എത്തിയപ്പോള്‍ സ്വാതന്ത്ര്യസമര സേനാനികളായ കോട്ടുകോയിക്കല്‍ വേലായുധന്‍ മാഷ് സെക്രട്ടറിയും കൈതവനത്തറ രാഘവന്‍ പിള്ള പ്രസിഡന്റുമായ തഴവ കുടില്‍വ്യവസായ വിനിയോജക സഹകരണസംഘത്തില്‍ നെയ്‌തെടുത്ത ചെറു മെത്തപ്പായ ഈറ്റക്കുഴലിനുള്ളില്‍വെച്ച് നെഹ്‌റുവിനു സമ്മാനിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തീ ഭവനില്‍ ഇപ്പോഴും അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനും തഴവയുടെ സ്‌നേഹാദരത്തിനു പാത്രമായി.

Content Highlights: rahul gandhi, bharat jhodo yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented