ശബരിമല: ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡി.യുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ അന്നദാനത്തിന് ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കി.

ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും എന്ത് സഹായം ചെയ്യാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധവാക്‌സിനായ കോവാക്‌സിന്‍ നിര്‍മിക്കുന്ന ഭാരത് ബയോടെക് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ്.

ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക കൈമാറിയത്.

ചൊവ്വാഴ്ച രാവിലെ 11.30-ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. റെജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദര്‍ശനത്തിനുശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം വാങ്ങി. ഉച്ചയ്ക്ക് ഹെലികോപ്റ്ററില്‍ ഇരുവരും ഗുരുവായൂര്‍ക്ക് പോയി.

content highlights: bharat biotech chairman donates one crore for annadanam in sabarimala