തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ നടത്തുന്നുണ്ട്. വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും ആരംഭിക്കുമെന്നും യാത്രക്കാരുടെ തിരക്കുണ്ടെങ്കില്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. 

പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭ്യര്‍ഥിച്ചിരുന്നു. 

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒടുന്നില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍സിസിയിലേക്ക് അടക്കം പോകുന്നവര്‍ക്കുള്ള പരിമിതമായ സര്‍വീസ് മാത്രമാണ് നടത്തുന്നത്. നിര്‍ബന്ധിച്ച് കടയടക്കലോ, വാഹനങ്ങള്‍ തടയലോ ഇല്ലെങ്കിലും പൊതുജനങ്ങള്‍ റോഡില്‍ പൊതുവേ കുറവാണ്. എന്നാല്‍ ഓട്ടോ ടാക്‌സികള്‍ നിത്തിലുണ്ട്. പോലീസ് എല്ലായിടത്തും സംരക്ഷണം ഒരുക്കിയിട്ടുണ്ട്. 

കൊച്ചിയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനം നിശ്ചലമാണ്. സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. വിവിധ ഇടങ്ങളിലേക്ക് പോകാനുള്ളവര്‍ റെയില്‍വേ സ്‌റ്റേഷനിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും കുടുങ്ങിക്കിടക്കുകയാണ്. സംയുക്ത ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രതിഷേധ പ്രകടനം നഗരത്തില്‍ നടക്കും. 

കോഴിക്കോട് ദീര്‍ഘദൂര ബസുകള്‍ അടക്കമുള്ള സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിങ്ങുന്നവരെ തടയുന്നില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കുമുള്ള രണ്ട് സര്‍വീസുകള്‍ നടത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുള്ളത്.

Content Highlights: Bharat Bandh harthal started in Kerala