Photo: Special Arrangement, www.facebook.com/CooperCityFL
ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡി.സി. ടു മിയാമി ബീച്ച് എന്ന ഡയലോഗ് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഇതിനെ ചെറുതായൊന്നു മാറ്റി ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം കൂപ്പര്‍സിറ്റി ടു ഭരണങ്ങാനം എന്ന് ചോദിച്ചാലോ? എന്താണിപ്പോ ഇങ്ങനെ ചോദിക്കാന്‍, കോട്ടയത്തെ ഭരണങ്ങാനം പഞ്ചായത്തും അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലെ നഗരമായ കൂപ്പര്‍സിറ്റിയും തമ്മില്‍ എന്താണ് ബന്ധം എന്ന് നെറ്റിചുളിക്കാന്‍ വരട്ടേ.
ബന്ധമുണ്ട്, അത് നിലവില്‍ വരാന്‍ പോവുകയുമാണ്. ഫ്ളോറിഡ സംസ്ഥാനത്തെ ബ്രോവാഡ് കൗണ്ടിയിലെ മുന്‍സിപ്പാലിറ്റിയായ കൂപ്പര്‍ സിറ്റിയും ഭരണങ്ങാനം പഞ്ചായത്തുമായി ഒരു അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറാവുകയാണ്. സംസ്ഥാനത്തെ ഒരു പഞ്ചായത്ത്, ഒരു ഒരു അമേരിക്കന്‍ നഗരവുമായി ഇതാദ്യമായാണ് സൗഹൃദ പങ്കാളിത്ത ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂപ്പര്‍ സിറ്റി നഗരസഭയുടെ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാകുന്നത്. ഇരുസ്ഥാപനങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഉടമ്പടിയുടെ പ്രഖ്യാപനം കൂപ്പര്‍ സിറ്റി മുന്‍സിപ്പാലിറ്റി ഹാളില്‍ വൈസ് മേയര്‍ ജെഫ് ഗ്രീന്‍ നിര്‍വഹിച്ചു.
.jpeg?$p=c84c996&&q=0.8)
എങ്ങനെ ഭരണങ്ങാനം, എന്തുകൊണ്ട് ഭരണങ്ങാനം?
ഭരണങ്ങാനം സ്വദേശിയും നിലവില്‍ ടൗണ്‍ ഡേവിയിലെ താമസക്കാരനുമായ അഡ്വ. ജോയ് കുറ്റിയാനിയുടെ ശ്രമങ്ങളാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിനെയും കൂപ്പര്‍ സിറ്റിയെയും ബന്ധിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടിയെ യാഥാര്‍ഥ്യമാക്കുന്നത്. ജന്മഗ്രാമത്തോടുള്ള, അദ്ദേഹത്തിന്റെ പ്രത്യേകസ്നേഹവും ഇതിനു പിന്നിലുണ്ട്. കൂപ്പര്‍ സിറ്റി പോലെ വികസിതമായ, ഒരു അമേരിക്കന്‍ നഗരവുമായി ബന്ധമുണ്ടാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ബിസിനസ്, മാലിന്യനിര്‍മാര്‍ജനം തുടങ്ങി നിരവധിമേഖലകളില്‍ ഭരണങ്ങാനത്തിന് അനവധി നേട്ടങ്ങള്‍ കൈവരിക്കാനാകും. സാംസ്‌കാരിക വിനിമയത്തോടൊപ്പം മെച്ചപ്പെട്ട വികനസമാതൃകകള്‍ സ്വീകരിക്കലും ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മില്യണ്‍ ഡോളര്‍ ഓപ്പര്‍ച്യൂണിറ്റി
ഇരു സ്ഥാപനങ്ങളും തമ്മില്‍ യാതൊരു വിധ സാമ്പത്തിക ഇടപാടുകളുമില്ല, പകരം ആശയങ്ങളുടെ കൈമാറ്റം മാത്രമാണ് ഇവിടെ നടക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഡോളറിന്റെ പോലും ചിലവില്ലാതെ കൈവരുന്ന മില്യണ്‍ ഡോളര്‍ ഓപ്പര്‍ച്യൂണിറ്റി. ഉടമ്പടിയുടെ ഭാഗമായി ഭരണങ്ങാനം എന്ന ഗ്രാമത്തെക്കുറിച്ചും തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുള്ള അതിന്റെ സവിശേഷതകളും കൂപ്പര്‍സിറ്റി മുന്‍സിപ്പാലിറ്റി അവിടുത്തെ താമസക്കാര്‍ക്ക് പരിചയപ്പെടുത്തും. ഇതിലൂടെ ഭരണങ്ങാനവും ക്രമേണ അതിന്റെ പരിസരവും ഭാവിയില്‍ അയല്‍ജില്ലകളും സംസ്ഥാനവും അമേരിക്കയിലുള്ളവര്‍ക്ക് കൂടുതല്‍ പരിചിതമാവുകയും അതിന്റെ നേട്ടം കേരളത്തിന് ഉണ്ടാവുമെന്ന പ്രതീക്ഷയും ജോയി പങ്കുവെക്കുന്നു.
ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമിലേക്ക്
വിദേശരാജ്യങ്ങളിലെ നഗരങ്ങളെ ദത്തെടുക്കുന്ന-സിസ്റ്റര്‍ സിറ്റി ഇന്റര്‍നാഷണല്‍ പദ്ധതിയുടെ ഭാഗമായി ഭരണങ്ങാനത്തെ കൂപ്പര്‍ സിറ്റിയുമായി ബന്ധിപ്പിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ കൂപ്പര്‍ സിറ്റി, സിസ്റ്റര്‍ സിറ്റിക്ക് ഇന്റര്‍നാഷണലില്‍ പങ്കാളിത്തമില്ലാതിരുന്നതിനാല്‍ ആ ശ്രമം നടന്നില്ല. പിന്നീടാണ് ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഭരണങ്ങാനത്തെയും കൂപ്പര്‍ സിറ്റിയെയും ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്യുന്നത്. 2021 ജൂണ്‍ പത്തിന്, എട്ടാം വാര്‍ഡ് മെമ്പര്‍ റജി മാത്യു വടക്കേമേച്ചേരിയാണ് കൂപ്പര്‍സിറ്റിയുമായുള്ള സൗഹൃദ പങ്കാളിത്ത ഉടമ്പടിയെ കുറിച്ചുള്ള അജണ്ട ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്.
ഉടമ്പടി യാഥാര്‍ഥ്യമാകുന്നതോടെ ഉണ്ടാകുന്ന നേട്ടങ്ങള്‍
കൂപ്പര്‍ സിറ്റിയുമായുള്ള അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി യാഥാര്‍ഥ്യമാകുന്നതോടെ, കേവലം ഭരണങ്ങാനത്തിന് മാത്രമല്ല നേട്ടങ്ങളുണ്ടാകുന്നതെന്ന് ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് പറയുന്നു. കേരളത്തിന് ഒട്ടാകെ ഇതിന്റെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂപ്പര്‍സിറ്റി ഹാളില്‍ ഭരണങ്ങാനത്തെ സംബന്ധിച്ചും കെ.ടി.ഡി.സിയെ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തും. ഇത് ഭരണങ്ങാനത്തെയും കോട്ടയത്തെയും കേരളത്തെയും അവിടുത്തുകാര്‍ക്ക് കൂടുതല്‍ പരിചിതമാകാന്‍ സഹായിക്കും. ഭരണങ്ങാനത്തിന് സമീപത്തും അയല്‍ജില്ലകളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും അവിടുള്ളവര്‍ക്ക് ധാരണ ലഭിക്കുകയും ചെയ്യും. ഉടമ്പടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍സിപ്പാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇവിടെനിന്ന് വിദ്യാര്‍ഥികള്‍ക്ക് അവിടേക്ക് പോകാനാകുക. മാലിന്യസംസ്‌കരണം, പൊതുഭരണം തുടങ്ങിയ കാര്യങ്ങളില്‍ കൂപ്പര്‍സിറ്റിയില്‍നിന്നുള്ള മാതൃകകള്‍ പരിചയപ്പെടാനും പഠിക്കാനും സാധിക്കുമെന്നും സജിത്ത് പറയുന്നു.
ഭരണങ്ങാനവുമായുള്ള അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടിക്ക് കൂപ്പര്‍സിറ്റിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. മേയ് ആദ്യവാരത്തോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഭരണങ്ങാനം പഞ്ചായത്തും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: bharananganam pachayath and cooper city international friendship programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..