മുജീബ് റഹ്‌മാൻ
കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ബെംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു.
ബേപ്പൂര്‍ ഹാര്‍ബറില്‍ പോര്‍ട്ടര്‍ ജോലി മറയാക്കി, മുജീബ് ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം ചെയ്യുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. എ.അക്ബറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ മാങ്കാവിലുള്ള വീടിന്റെ പരിസര പ്രദേശങ്ങളില്‍ ലഹരി മാഫിയയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരവും രാത്രികാലങ്ങളിലും നിരവധി യുവതീയുവാക്കളും കുട്ടികളും കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകര്‍ പറഞ്ഞു.
കോഴിക്കോട് ആന്റി നര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്) മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ എം.വിനീത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ലഹരിക്കെതിരെ ഡാന്‍സാഫ് സ്‌ക്വാഡും സിറ്റി പൊലീസും
ലഹരിയ്‌ക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കനത്ത പ്രതിരോധം തീര്‍ക്കുന്നുണ്ടെന്നും മൂന്നുമാസത്തിനിടെ മാത്രം 15 കേസുകളിലായി 400 ഗ്രാമോളം എം.ഡി.എം.എ, 400 എല്‍.എസ്.ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എണ്ണം എം.എ.ഡി.എം.എ. പില്‍, ാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ഇതില്‍ വില്‍പനക്കാരായ 20 ഓളം പേരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസ് പോകുമെന്നും ജില്ലാ ഡെപ്യൂട്ടി പോലീസ് മേധാവി ഡോ. ശീനിവാസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പലരും ഇത്തരം കൃത്യങ്ങളിലേക്ക് നീങ്ങുന്നത്. അതില്‍നിന്ന് യുവ തലമുറയെ രക്ഷിക്കുന്നതിനായി ബോധവത്കരണം ഉള്‍പ്പടെയുള്ള പരിപാടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകും.
സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ലഹരിയെ സമൂഹത്തില്‍നിന്ന് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും കോഴിക്കോട് സിറ്റി ആന്റി നര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനു എസ്. നായര്‍. വി. ഹരികൃഷ്ണന്‍, സി.പി.ഒ., എസ്.ശരത്, ഡ്രൈവര്‍ സി.പി.ഒ. സന്ദീപ്, ഡാന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, സീനിയര്‍ സി.പി.ഒ. കെ.അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: crime,mdma,police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..