ലോഗോ പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്തസാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്‍ ആസിഫ് അലി നിര്‍വ്വഹിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിയുടെയും സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസിലായിരുന്നു ചടങ്ങ്.
എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാര്‍ തയ്യാറാക്കിയ ലോഗോയാണ് ഫെസ്റ്റിനായി തിരഞ്ഞെടുത്തത്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ പെരുമ ഉയര്‍ത്തുംവിധം പായ്‌വഞ്ചി നിയന്ത്രിക്കുന്ന തുഴക്കാരനും പായ്കളും ഉള്‍പ്പെടുത്തി മനോഹരമായാണ് ലോഗോ ഒരുക്കിയിട്ടുള്ളത്. ജലത്തെ പ്രതിനിധീകരിക്കുന്ന നീലയും പച്ചയും നിറങ്ങള്‍ ചേര്‍ന്നതാണ് ലോഗോ. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ക്ഷണിച്ച ലോഗോകളില്‍ നിന്നാണ് അനുയോജ്യമായത് തിരഞ്ഞെടുത്തത്.
ഏവരെയും ഉള്‍പ്പെടുത്തി അതിവിപുലമായി ചാലിയാറില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് നടത്തുമെന്നും വരും വര്‍ഷങ്ങളിലും ഫെസ്റ്റ് തുടരുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇത്തവണ നടത്തുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
വിനോദസഞ്ചാര മേഖലയില്‍ ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ വാട്ടര്‍ തീം ഫെസ്റ്റിവലാണ് ഡിസംബര്‍ അവസാന തിയതികളില്‍ ബേപ്പൂരില്‍ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്. പരിപാടിയോട് അനുബന്ധിച്ച് ശ്രദ്ധേയമായ പരിപാടികളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ബേപ്പൂര്‍ കേന്ദ്രമാക്കി അതിവിപുലമായി വാട്ടര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജലസാഹസിക പ്രകടനങ്ങള്‍, ജലവിനോദങ്ങള്‍, വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യോത്സവം തുടങ്ങിയവ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും.
സബ് കലക്ടര്‍ ചെല്‍സാസിനി, 'നമ്മള്‍ ബേപ്പൂര്‍' കണ്‍വീനര്‍ ഫെബീഷ്, പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
content highlights: beypore international water fest logo revealed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..