ആലപ്പുഴ: ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പനശാലകളിലെ സുരക്ഷാ ജീവനക്കാരെച്ചൊല്ലി തര്‍ക്കം മുറുകുന്നു. എണ്ണം കുറയ്ക്കണമെന്ന് എം.ഡി യോഗേഷ് ഗുപ്ത. എന്നാല്‍ തല്‍ക്കാലം കുറയ്ക്കരുതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും എം.ഡി. ഉത്തരവ് പിന്‍വലിച്ചില്ല. ഇതിനെത്തുടര്‍ന്ന് സി.ഐ.ടി.യു, ഐ.എന്‍ ടി.യു.സി.യൂണിയനുകള്‍ സമരകാഹളം മുഴക്കിയിരിക്കുകയാണ്.   

ബിവറേജസ് വില്‍പനശാലകളില്‍ ഒരു സമയം ഊഷ്മാവ് പരിശോധനയ്ക്കും തിരക്ക് നിയന്ത്രിക്കാനുമായി ഒരു സുരക്ഷാ ജീവനക്കാരന്‍ മതിയെന്നാണ് എം.ഡി. പറയുന്നത്. എന്നാല്‍ 25 ലക്ഷത്തിലധികം വരെ വില്‍പന നടത്തുന്ന വില്‍പനശാലകളില്‍ പോലും വേണ്ടത്ര ജീവനക്കാരില്ല. സുരക്ഷാ ജീവനക്കാരുടെ കൂടി സഹായത്തിലാണ് വില്‍പന നടത്തുന്നത്. ഇത് മനസ്സിലാക്കാതെ ഇവരെ പെട്ടെന്ന് മാറ്റിയാല്‍ വലിയ പ്രതിസന്ധിയാകും. ആപ്പ് പിന്‍വലിച്ചതോടെ കച്ചവടം കൂടി. തിരഞ്ഞെടുപ്പും കൂടിയാകുമ്പോള്‍ കച്ചവടം ഇരട്ടിയാകും. ഈ ഘട്ടത്തില്‍ ജീവനക്കാരെ ഒഴിവാക്കുന്നത് പ്രശ്‌നമാകും. മാത്രമല്ല പിരിച്ചുവിടുന്നത് സര്‍ക്കാരിനും ദോഷം ചെയ്യുമെന്ന് സി.ഐ.ടി യു. നേതാക്കള്‍ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. 

പി. എസ്. സി. വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴിയായും ഷോപ്പുകളിലെ ഒഴിവു നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. ജീവനക്കാര്‍ എത്തുന്ന മുറയ്ക്കു മാത്രം കൂടുതലുള്ള സുരക്ഷാ ജീവനക്കാരെ മാറ്റിയാല്‍ മതിയെന്ന് മന്ത്രിയും അറിയിച്ചു. അതുകൊണ്ട് ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ വരവു കുറയുകയും ചെലവു കൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഇത് ആവശ്യമാണെന്ന നിലപാടിലാണ് എം.ഡി. 

അതേസമയം വരവ് കുറഞ്ഞത് ആപ്പ് ഏര്‍പ്പെടുത്തിയപ്പോഴാണെന്ന് യൂണിയനുകള്‍ പുതുതായെത്തിയ എം.ഡി.യെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ 27 മുതല്‍ രാപ്പകല്‍ സമരം നടത്താനുള്ള ഒരുക്കത്തിലാണ് യൂണിയനുകള്‍ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി ബാബു ജോര്‍ജ്ജ് ഇതു സംബന്ധിച്ച് കത്തു നല്‍കുകയും ചെയ്തു.