ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു


ബർലിൻ കുഞ്ഞനന്തൻ നായർ

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. കടുത്ത പ്രമേഹം മൂലം കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും തേഡ്‌ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു.

സി.പി.എമ്മില്‍ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തന്‍ നായര്‍. പതിമ്മൂന്നാം വയസ്സുമുതല്‍ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടനയിലും പാര്‍ട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. 1957-ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത് എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1962 ജനുവരി മുതല്‍ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്‌സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. ബര്‍ലിന്‍ മതില്‍ പൊളിയുകയും യൂറോപ്യന്‍ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ കുഞ്ഞനന്തന്‍ നായര്‍ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് പേരിനൊപ്പം ബര്‍ലിന്‍ എന്നതും കൂടിചേര്‍ന്നത്. നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി.

എന്നാല്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ ബര്‍ലിന്‍ കുഞ്ഞനന്തനെ പ്രകോപിപ്പിച്ചു. പാര്‍ട്ടിക്കെതിരേയും പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാല്‍ ബൂര്‍ഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാര്‍ച്ച് മൂന്നിന് ബര്‍ലിന്റെ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെയാണ് മേല്‍കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

'മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍' എന്നാണ് പിണറായിയെ അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ 'ഒളികാമറകള്‍ പറയാത്തത്'എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രനാണെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ തനതു പുത്രനാണെന്ന ബര്‍ലിന്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കും വിധം അദ്ദേഹം എഴുതിയ 'പൊളിച്ചെഴുത്ത്' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു

സി.പി.എമ്മില്‍ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കുഞ്ഞനന്തന്‍ നായരെ കാണാന്‍ വി.എസ്. വീട്ടില്‍പ്പോയതും ഭക്ഷണം കഴിക്കാന്‍ വിലക്കുള്ളതിനാല്‍ വെള്ളംമാത്രം കുടിച്ചു മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു.

പിണറായി വിജയനെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായി അകന്നു. വി.എസ്സിന്റെ നടപടികള്‍ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും പിന്നീട് ബര്‍ലിന്‍ തിരുത്തി. പാര്‍ട്ടിയുമായി അടുക്കുകയും ചെയ്തു.

ആര്‍.എം.പി.യുടെ വേദികളില്‍ സക്രിയനായിരുന്നു കുഞ്ഞനന്തന്‍ നായര്‍. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ആര്‍എംപിയുടെ വേദികളിലും സ്ഥിരമായെത്തി. പിന്നെ ആര്‍.എം.പി.യുമായി മാനസികമായി അകന്നു. എന്നാല്‍ 2014 മുതല്‍ വീണ്ടും പാര്‍ട്ടി അനുകൂല നിലപാടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തി. വി.എസിനൊപ്പം നിലകൊണ്ടിരുന്ന ബര്‍ലിന്‍ പിന്നീട് വിഎസ്സിനെ തള്ളിപ്പറഞ്ഞു. സിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പാര്‍ട്ടിയെ അറിയിച്ചു. തൊട്ടടുത്ത വര്‍ഷം 2015ല്‍ ബര്‍ലിന്‍ കുഞ്ഞനന്തനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.

Content Highlights: berlin kunjananthan nair passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented