കോഴിക്കോട്: കെ.എം ഷാജിയെ പരിസഹിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരൻ ബെന്യാമിന്‍. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിൻ പരിഹസിക്കുന്നത്. 

കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അരക്കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പുതിയ നോവല്‍ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം 
8. ഹാര്‍ട്ടറ്റാക്ക് - അഭിനയ രീതികള്‍.
9. ഒന്ന് പോടാ ### 
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പുലര്‍ത്തുന്നുവെന്ന വിമര്‍ശനവുമായി കെ.എം ഷാജി രംഗത്തെത്തിയിരുന്നു.  ശാരദക്കുട്ടി, ബെന്യാമിന്‍, കെ.ആര്‍. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. യുഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം.

'എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല. സാംസ്‌കാരിക നായകര്‍ എന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. കുറേ വൃത്തികെട്ടവന്‍മാര്‍. എന്താണ് അവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 21 വയസ്സുള്ള ഒരു പുഷ്പം കരിച്ചുകളഞ്ഞിട്ടും ആര്‍ക്കും ഒരു പ്രതിഷേധവുമില്ല. ശാരദക്കുട്ടി എന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഇന്നലെത്തെ ഗൗരവമുള്ള ഫേയ്സ്ബുക്ക് പോസ്റ്റ് കോവിഡിനെ സൂക്ഷിക്കണം എന്നായിരുന്നു. പാനൂരില്‍ കൊല്ലപ്പെട്ടവനെക്കുറിച്ച് അവര്‍ക്ക് അറിയില്ല', ഷാജി പറഞ്ഞു.

'വേറൊരു എഴുത്തുകാരനുണ്ട്, ബന്യാമിന്‍. ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണെന്നും സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതമാണതെന്നുമായിരുന്നു കെ. എം ഷാജി പറഞ്ഞത്.  കെ. ആർ മീരക്കെതിരെയും കെ. എം ഷാജി വിമർശനമുന്നയിച്ചിരുന്നു. പിണറായി വിജയന്‍ എന്ന ആരാച്ചാരെ അറിയുമോ. പി. ജയരാജന്‍ എന്ന ആരാച്ചാരെ അറിയുമോ? എന്നായിരുന്നു മീരയോടുള്ള ഷാജിയുടെ ചോദ്യം. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെടുന്നത്. 

Content Highlight: Benyamin fb post against KM Shaji