തിരുവനന്തപുരം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി നോവലിസ്റ്റ് ബെന്യാമിന്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം. 'ഇനിയും നാണംകെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണം മി. ഷിജു ഖാന്‍' എന്നാണ് ബെന്യാമിന്‍ ഫെയ്​സ്ബുക്കിൽ  കുറിച്ചത്.

കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിയെ സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവര്‍ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവരെ അനുപമയും അജിത്തും നേരില്‍ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നല്‍കിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയത്.