കൊച്ചി: മജിസ്‌ട്രേട്ട് കോടതിയിലെ ബഞ്ച് ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ കൊല്ലം മൈലക്കാട് സ്വദേശി ബദറുദ്ദീന്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.

ഇപ്പോള്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ് അദ്ദേഹം. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമാണ് അദ്ദേഹം വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിട്ട് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയുടെ അത്യുന്നത പദവിയില്‍ എത്തുന്നത്.

കൊല്ലം മൈലക്കാട് അബ്ദുള്‍ റഹിം മുസലിയാരുടെ മകനായ ബദറുദ്ദീന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് എല്‍എല്‍ബി പഠിച്ച് ജയിച്ചു. വക്കീലായി പ്രാക്ടീസ് തുടങ്ങി. അതിനുശേഷം ജില്ലാ ജഡ്ജി നിയമനത്തിനുള്ള പരീക്ഷ എഴുതി വിജയിച്ചു. തൃശ്ശൂരും തിരുവനന്തപുരത്തും ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എളിയ നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച് കഠിനാധ്വാനത്തിലൂടെ ഹൈക്കോടതി ജഡ്ജിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബദറുദ്ദീന്‍.

മുന്‍ ഹൈക്കോടതി ജഡ്ജി കെ.കെ ദിനേശന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായിരുന്നു. പിന്നീട് നിയമ ബിരുദമെടുത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങി. ജഡ്ജിയുമായി. ജസ്റ്റിസ് കെ.എ അബ്ദുള്‍ ഗഫൂര്‍ എറണാകുളത്ത് ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ഓപ്പറേറ്ററായിരുന്നു. ജസ്റ്റിസ് ടി.കെ ചന്ദ്രശേഖര്‍ ദാസ് കാഞ്ഞങ്ങാട്ട് വക്കീല്‍ ഗുമസ്ഥനായിരുന്നു. ജസ്റ്റിസ് ജി ശിവരാജന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാടിയ മുംബൈയില്‍ ഒരു വക്കീല്‍ ഓഫീസില്‍ ആദ്യം ക്ലാര്‍ക്കായിരുന്നു.

വൈശിഷ്ട്യവും ആത്മാര്‍ഥമായ സമീപനവും തൊഴിലിനോടുള്ള പ്രതിബദ്ധതയും നിഷ്പക്ഷതയുംകൊണ്ട് ശ്രദ്ധേയനായ ന്യായാധിപനാണ് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയാകുന്ന ബദറുദ്ദീന്‍.

Content Highlights: Bench clark  High Court judge