കോവളം: ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ കിടപ്പുമുറിയിൽ അമേരിക്കക്കാരനായ ഇർവിൻ ഫോക്‌സിനെ(77) ആണ് ഉറുമ്പും പുഴുവുമരിച്ച് അവശനിലയിൽ കണ്ടത്. കോവളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് വിദേശിയുടെ ദുരവസ്ഥ പുറത്തറിഞ്ഞത്.

ദേഹമാസകലം ഉറുമ്പ് കടിച്ചുണ്ടായ മുറിവുകൾ പഴുത്ത് പുഴുക്കൾ പുറത്തുവരുന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ കോവളം ജനമൈത്രി പോലീസാണ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം അധികൃതരെ വിവരമറിയിച്ചത്.

നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളിൽ മതിയായ ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് പാലിയേറ്റീവ്‌ കെയർ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. ആളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

മുതുകിലും കാലിലും വലിയ മുറിവുകളുണ്ട്. ഇവ ഉണങ്ങിവരാനുള്ള കാലതാമസമുണ്ടാകുമെന്ന് പരിചരിച്ചവർ പറഞ്ഞു. വിദേശി ഹോട്ടൽമുറിയിൽ ഒറ്റയ്ക്കുതാമസിക്കുന്ന വിവരം ഹോട്ടലുടമ പോലീസിനെയോ എഫ്.ആർ.ആർ.ഒ.യോ അറിയിച്ചിട്ടില്ലെന്നാണ് സൂചന. പോലീസിനു വിവരം ലഭിച്ചതോടെ കോവളം ഇൻസ്‌പെക്ടർ പ്രൈജു ജി. എഫ്.ആർ.ആർ.ഒ.യെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാറിന്റെ നിർദേശത്തെത്തുടർന്ന് പാലിയം ഇന്ത്യ അധികൃതർ, വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടർ ജയചന്ദ്രൻ, ഡോ. അഞ്ജലി, നഴ്‌സുമാരായ ഭിനു, അക്ഷയ, മനീഷ എന്നിവരെത്തി വിദേശിയുടെ ശരീരം വൃത്തിയാക്കി ആശുപത്രിയിലേക്കു മാറ്റിയത്. വിദേശിയെ തിരികെ ഹോട്ടലിലേക്കു മാറ്റി വൈദ്യസഹായമുൾപ്പെടെയുള്ള സംരക്ഷണം ഏർപ്പെടുത്തി.

Content Highlights: Bedridden foreigner was found in kovalam