കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിന് സുരക്ഷയൊരുക്കിയത് പോലീസിന് നാണക്കേടായി. മോണന്‍സണിന്റെ കൊച്ചി കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചിരുന്നു. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതോടെ ഇന്ന് ഈ ബീറ്റ് ബോക്‌സുകള്‍ പോലീസ് എടുത്തുമാറ്റി.

ഏതെങ്കിലും പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തിയ ശേഷം രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്‌സുകള്‍ വെക്കാറുള്ളത്. ഇത്തരത്തില്‍ മോണന്‍സണിന്റെ വീടിന്റെ ഗേറ്റിലും പോലീസിന്റെ ബീറ്റ് ബോക്‌സ് ഉണ്ടായിരുന്നു. 

ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇത്തരമൊരു ബീറ്റ് ബോക്‌സ് ഇവിടെ സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാര്‍ പറയുന്നത്.

പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളിലെ ഉന്നത നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെല്ലാം മോന്‍സണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ബീറ്റ് ബോക്‌സ് ഇയാളുടെ വീടിന് മുന്നില്‍ വെക്കാനിടയായ സാഹചര്യം സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കിലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാല്‍ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാന്‍ എളുപ്പമല്ല. സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തുള്ള പലര്‍ക്കുമൊപ്പം മോന്‍സണ്‍ അടുപ്പത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.