സുല്‍ത്താന്‍ ബത്തേരി: ചെട്യാലത്തൂരിലെ ജനവാസ കേന്ദ്രത്തില്‍ കരടിയിറങ്ങി. തൊഴിലുറപ്പ് തൊഴിലാളികളെ കരടി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കരടിയെ തൊഴിലാളികൾ കാപ്പികളത്തില്‍ പൂട്ടിയിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് കരടിയെ മയക്കുവെടിവച്ച് വനത്തില്‍ വിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

വയനാട് വന്യജീവി സങ്കേതത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെട്ട്യാലത്തുര്‍ ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. രാവിലെ വനത്തോട് ചേര്‍ന്ന് കിടക്കുന്ന തടയണയ്ക്കടുത്ത് തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കരടിയെ ആദ്യം കണ്ടത്.വെള്ളം കുടിച്ച് തിരിച്ചു പോകുമെന്ന് കരുതി ഇവര്‍ മാറി നിന്നെങ്കിലും കരടി ആള്‍ക്കൂട്ടത്തിനു നേരെ ഓടി വന്നു.തുടര്‍ന്ന് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.ഇതിനിടെ സമീപത്തെ കാപ്പിത്തോട്ടത്തിലെ കളപ്പുരയുടെ സമീപത്തേക്ക് കരടി ഓടിക്കയറി. കളപ്പുരയുടെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയതോടെ കരടി ഇവിടെ കുടുങ്ങുകയായിരുന്നു.

വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ കാട്ടിലേക്കു തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്നാണ് കരടിയെ മയക്കുവെടി വച്ച് വനത്തില്‍ വിടാന്‍ തീരുമാനിച്ചത്.വയനാട്ടിലെ വനമേഖലകളില്‍ നിന്ന് കാട്ടാന, കടുവ, പുലി തുടങ്ങിയ മൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങാറുണ്ടെങ്കിലും കരടി നാട്ടിലിറങ്ങുന്നത് അപൂര്‍വമാണ്.