കൊച്ചി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ്. കൊച്ചിയില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണ് ബിഡിജെഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വനിതാമതില്‍ പങ്കെടുത്തതിന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആചാര സംരക്ഷണത്തിനൊപ്പം നിന്നിട്ട് വനിതാ മതിലിനെ പിന്തുണച്ചത് ശരിയായില്ലെന്ന് എന്‍.ഡി.എ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിഡിജെഎസിന്റെ പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് യോഗത്തില്‍ ചോദിച്ചത്. ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ബിജെപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചനടത്താമെന്ന് ബിഡിജെഎസിനെ അറിയിച്ചു. 

വനിതാമതില്‍ വിഷയത്തില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തില്‍ ബിഡിജെഎസ് വിശദീകരണവുമായി രംഗത്ത് വന്നു. വനിതാമതിലില്‍ താനടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ലെന്നും നവോത്ഥാനമെന്ന ആശയത്തിന് പിന്തുണ നല്‍കാനാണ് വനിതാമതിലിനം പിന്തുണച്ചതെന്നും ബിഡിജെഎസ് വിശദീകരിച്ചു. എന്‍ഡിഎയ്‌ക്കൊപ്പം ശക്തമായി മുന്നോട്ടുപോകുമെന്ന് തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എന്‍ഡിഎയില്‍ നിന്ന് വിട്ടുപോകുന്ന കക്ഷികളെ തിരികെ എത്തിക്കാന്‍ ബിജെപി നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന് മുന്നണിയിലെ ചെറുകക്ഷികള്‍ നിലപാടെടുത്തു.

Content highlights: 2019 Loksabha Electcton, BDJS Demand 8 Loksabha Seat