പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്ന് പ്രതിഷേധവുമായെത്തിയ ബി.ജെ.പി. പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശനത്തെത്തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നയിച്ച പ്രതിഷേധത്തില്‍ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ.യും ഡോക്യുമെന്ററി ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടത്തും യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. രണ്ടു സ്ഥലങ്ങളിലേയും പ്രതിഷേധങ്ങളില്‍ കണ്ടാലാറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പൂജപ്പുരയില്‍ പോലീസിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരേ പത്തോളം തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നിരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സന്ധ്യയ്ക്കുശേഷം പൂജപ്പുരയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്. പൂജപ്പുരയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ.യും തടയുമെന്ന് യുവമോര്‍ച്ചയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ഡി.സി.പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയത്. പൂജപ്പുര ജങ്ഷനില്‍ ഡി.വൈ.എഫ്.ഐ. ചാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറുമണിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. യുവമോര്‍ച്ച നടത്തിയ പ്രതിഷേധസമരത്തെ പോലീസ് പൂജപ്പുര മൈതാനത്തിനു സമീപം തടഞ്ഞു.
ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെ പോലീസ് പത്തോളം തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസും വനിതാപ്രവര്ത്തകരുള്പ്പെടെ ഉന്തുംതള്ളുമുണ്ടായി.
പിന്മാറാന് കൂട്ടാക്കാത്ത പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.
ഇതിനിടെ വനിതാപ്രവര്‍ത്തകയെ പോലീസ് മര്‍ദിച്ചതായി ബി.ജെ.പി. ആരോപിച്ചു. പ്രവര്‍ത്തകയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിലാണ് പൂജപ്പുരയില്‍ പ്രതിഷേധം നടന്നത്.
പ്രതിഷേധം നടക്കുന്നതിന്റെ 200 മീറ്റര്‍ അകലെയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പനും ഡോക്യുമെന്ററി കാണാനെത്തിയിരുന്നു. ശക്തമായ പോലീസ് കാവലിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്.
വൈകീട്ട് 4-നാണ് മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതറിഞ്ഞ് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉന്തുംതള്ളും ഉണ്ടായതിനെത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നീട് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പൂര്‍ത്തിയാക്കി.
Content Highlights: BBC Documentary screening: Case against BJP workers who protested in Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..