കുന്നംകുളം: മങ്ങാട് മാര്‍ ഗ്രിഗോറിയോസ് ചാപ്പലിലെ മദ്ബഹ ശുശ്രൂഷകനില്‍നിന്നാണ് പോള്‍ എന്ന പന്ത്രണ്ടുവയസ്സുകാരന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷസ്ഥാനത്തേക്ക് ചുവടുകള്‍വെച്ചത്. ദാരിദ്ര്യവും സാമ്പത്തികപരാധീനതകളുമൊക്കെയുണ്ടായി. ദൈവത്തിലുള്ള ഉറച്ച വിശ്വാസവും വിനയവുമാണ് പ്രതിസന്ധികളെ മറികടക്കാന്‍ കരുത്തേകിയതെന്ന് മേല്‍പ്പട്ട സ്ഥാനാരോഹണത്തിന്റെയും കുന്നംകുളം ഭദ്രാസനത്തിന്റെയും രജതജൂബിലിയില്‍ പുറത്തിറക്കിയ വിനയസ്മിതം എന്ന പുസ്തകത്തില്‍ കാതോലിക്ക ബാവ കുറിക്കുന്നു.

പഴഞ്ഞി സെയ്ന്റ് മേരീസ് പള്ളിയുടെ ചാപ്പലായിരുന്നു അന്ന് മങ്ങാട് മാര്‍ഗ്രിഗോറിയോസ് പള്ളി. മാതാവിന്റെ സഹോദരന്‍ ഇയ്യുകുട്ടി, ബഥനി ആശ്രമത്തിലെ ഫാ. ഗീവര്‍ഗീസ്, പഴഞ്ഞി ഇടവകയിലെ വൈദികരായിരുന്ന ഫാ. സി.വി. അബ്രഹാം, കുറ്റിക്കാട്ടില്‍ ജോസഫ് കോര്‍ എപ്പിസ്‌കോപ്പ എന്നിവരാണ് ആത്മീയ വ്യക്തിഭാവത്തെ രൂപപ്പെടുത്തിയത്. ചാപ്പലിലെ ഞായറാഴ്ച ആരാധനയില്‍ ബഥനി ആശ്രമത്തിലെ ഫാ. ഗീവര്‍ഗീസാണ് മദ്ബഹ പ്രവേശനത്തിന് കൈവെപ്പ് നല്‍കിയത്. പഴഞ്ഞി സെയ്ന്റ് മേരീസ് പള്ളിയില്‍ ഞായറാഴ്ചകളിലെ പ്രഭാതപ്രാര്‍ഥന തുടങ്ങുന്നതിന് വളരെമുമ്പേ പള്ളിയിലെത്തുന്നതായിരുന്നു ശീലം. പള്ളിയിലെ ചെറിയ ജോലികള്‍ വൈദികന്‍ എത്തുന്നതിനുമുമ്പേ ചെയ്യും. ചിലപ്പോള്‍ കപ്യാരുടെ സഹായിയുമാകും. പള്ളി ആരാധനകളിലെ ഗീതങ്ങള്‍ മനപ്പാഠമാക്കി. വിശുദ്ധമാമോദീസ, വിവാഹം, ശവസംസ്‌കാരം എന്നീ ശുശ്രൂഷകളിലെ ഗാനങ്ങള്‍ മനപ്പാഠമാക്കുകയും പാടുകയും ചെയ്തു.

പഴഞ്ഞി ഗവ. ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് പഠനം. പരീക്ഷയെഴുതിക്കഴിഞ്ഞ കാലത്ത് പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പഴഞ്ഞി പള്ളിയിലെത്തി പോളിനെ വിളിപ്പിച്ചു. കൂടെച്ചെല്ലാനും കുറച്ചുകാലത്തെ പരിശീലനത്തിനുശേഷം വൈദികനാക്കാമെന്നും പറഞ്ഞു. എന്നാല്‍, തത്കാലം അതില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന മറുപടിയാണ് വികാരിയച്ചന്‍വഴി നല്‍കിയത്. പത്താംക്ലാസ് വിജയിച്ചതോടെ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന് ചേര്‍ന്നു. ആദ്യതവണ തോറ്റു. പിന്നീട് വിജയിച്ച് ബി.എസ്സി. ഫിസിക്‌സ് പ്രധാന വിഷയമായി ബിരുദമെടുത്തു. ബിരുദം കഴിഞ്ഞതോടെ വൈദികനാകാനുള്ള ആഗ്രഹമായി. വീട്ടുകാര്‍ക്ക് പൂര്‍ണസമ്മതമില്ലായിരുന്നു. ജീവിതനിയോഗം അതാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങി. പിന്നീട് കോട്ടയം പഴയ സെമിനാരിയിലെത്തി. 1973-ല്‍ പഠനം പൂര്‍ത്തിയാക്കി. ജൂണില്‍ കൊരട്ടി സിയോന്‍ സെമിനാരിയില്‍വെച്ച് കശ്ശീശപട്ടം ലഭിച്ചു. കുന്നംകുളം മേഖലയിലെ പള്ളികള്‍ അന്ന് കൊച്ചി ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. 1985 മേയ് 15-ന് മാവേലിക്കര പുതിയകാവ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി വാഴിച്ചു. കുന്നംകുളം ഭദ്രാസനം 1985-ല്‍ രൂപവത്കരിച്ചപ്പോള്‍ ആദ്യത്തെ മെത്രാപ്പോലീത്തയായി. മെത്രാഭിഷേകത്തിന്റെ രജതജൂബിലി വര്‍ഷമായ 2010-ലാണ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് വാഴിച്ചത്.

Content Highlight: Baselios Marthoma Paulose II