ന്യൂഡല്‍ഹി: അഭിഭാഷകന്‍ ബസന്ത് ബാലാജിയെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് ഡി.ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും. 

2006 മുതല്‍ 11 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു ബസന്ത് ബാലാജി. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സുപ്രധാനമായ പല ഭൂമി ഏറ്റെടുക്കല്‍ കേസുകളിലും സര്‍ക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്. തിരുവനന്തപുരം ലയോള സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി. കേരള ലോ അക്കാദമിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഭാര്യ: സിമി പൊറ്റങ്ങാടിന്‍. മക്കള്‍: ആനന്തിക ബസന്ത്, സാരംഗ് ബസന്ത്.

വിവിധ ഹൈക്കോടതികളില്‍ എട്ട് ജഡ്ജിമാരെ കൂടി നിയമിച്ചു

ബസന്ത് ബാലാജിക്ക് പുറമെ എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്ജിമാരായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ജഡ്ജിമാരായി ഗൗതം കുമാര്‍ ചൗധരി, അംബുജ് നാഥ്, നവനീത് കുമാര്‍, സഞ്ജയ് പ്രസാദ് എന്നിവരെയാണ് നിയമിച്ചത്. പട്‌ന ഹൈക്കോടതിയിലെ ജഡ്ജിമാരായി നവനീത് കുമാര്‍ പാണ്ഡെയെയും സുനില്‍ കുമാര്‍ പന്‍വാറിനെയും ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ദീപക് കുമാര്‍ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായി പി.കെ.കൗരവിനേയും നിയമിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മധ്യപ്രദേശിലെ അഡ്വക്കേറ്റ് ജനറല്‍ ആണ് കൗരവ്.

ഏഴ് ശുപാര്‍ശകള്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍

കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം നല്‍കിയ ഏഴ് ശുപാര്‍ശകള്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍. ബസന്ത് ബാലാജിയുള്‍പ്പടെ എട്ട് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് സെപ്റ്റംബര്‍ ഒന്നിന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പന്‍, സഞ്ജിത കെ.അറയ്ക്കല്‍, ടി.കെ.അരവിന്ദ കുമാര്‍ ബാബു, ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി.ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി.അജിത് കുമാര്‍, സി.എസ്.സുധ എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്ത മറ്റ് പേരുകള്‍. കൊളീജിയം ശുപാര്‍ശ നിലവില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ആണ്. 

കെ.കെ.പോളിന്റെ ശുപാര്‍ശ മടക്കി 

കേരള ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകന്‍ കെ.കെ. പോളിനെ നിയമിക്കാനുള്ള ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ഫയല്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് കൈമാറി. 2018 ഏപ്രില്‍ 12 -നാണ് അക്കാലത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി കൊളീജിയം അഭിഭാഷകനായ കെ.കെ. പോളിനെ ജഡ്ജിയായി നിയമിക്കണമെന്ന ശുപാര്‍ശ സുപ്രീം കോടതി കോളേജിയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ 2019 മാര്‍ച്ച് 25 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഈ ശുപാര്‍ശ അംഗീകരിച്ചശേഷം തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു.

എന്നാല്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയത്തിന് മടക്കി. 2021 മാര്‍ച്ച് രണ്ടിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം തങ്ങളുടെ മുന്‍ ശുപാര്‍ശയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ഫയല്‍ കേന്ദ്രസര്‍ക്കാരിന് അയച്ചു. എന്നാല്‍ ഫയല്‍ വീണ്ടും കേന്ദ്രം മടക്കി. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ ഫയലാണ് കേരള ഹൈകോടതിയിലേക്ക് ഇപ്പോള്‍ തിരിച്ച് അയച്ചത്. എന്തു കൊണ്ടാണ് ശുപാര്‍ശ മടക്കുന്നത് എന്ന കാര്യം ഫയലില്‍ രേഖപെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Content Highlights: Basanth Balaji, kerala high court