തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. വെയര്‍ ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.  

കോവിഡ് കാലത്ത് ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ ഹൈക്കോടതി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബാറുകള്‍ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. നേരത്തെ ബാറുകള്‍ക്കുള്ള വെയര്‍ഹൗസ് ചാര്‍ജ്ജ് എട്ട് ശതമാനത്തില്‍ നിന്ന്  25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. 

പ്രതിഷേധവുമായി ബാറുടമകള്‍ ബാറുകള്‍ അടച്ചിടുകയായിരുന്നു. പിന്നീട് വൈനും ബിയറും വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ബാറുടമകള്‍ എത്തിയിരുന്നു. അപ്പോഴും മദ്യവില്‍പ്പന നടത്തില്ലെന്ന തീരുമാനത്തില്‍ ഉടമകള്‍ ഉറച്ചുനിന്നു.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്നിപ്പോള്‍ ബാറുകള്‍ വഴി മദ്യവിതരണം നടത്താമെന്ന തീരുമാനത്തിലേക്ക് ബാറുടമകള്‍ എത്തിയത്.  എട്ടുശതമാനത്തിലേക്ക് വെയര്‍ഹൗസ് നികുതി കുറയ്ക്കണമെന്നായിരുന്നു ബാറുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ 13 ശതമാനമായി കുറയ്ക്കാമെന്ന സര്‍ക്കാര്‍ നിലപാട് എടുത്തതോടെ ചര്‍ച്ച സമവായത്തിലെത്തുകയായിരുന്നു. 

Content Highlight: Bars in Kerala to start liquor sale from today