കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടാത്താപ്പെന്ന് റിപ്പോര്‍ട്ട്. ബാര്‍ലൈസന്‍സ് നല്‍കാന്‍ കോടതി ഉത്തരവുമായി എത്തിയ രണ്ട് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുകയും എന്‍ഒസി തര്‍ക്കത്തില്‍ കിടക്കുന്ന ഹോട്ടലിന് ലൈസന്‍സ് നല്‍കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയപ്രകാരം ലൈസന്‍സ് നല്‍കുന്നത് നയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍  ലൈസന്‍സ് നിഷേധിച്ചത്. എന്നാല്‍ അനുമതി ലഭിച്ച ഹോട്ടലിന് ഈ നയം ബാധകമായില്ല. 

തൃപ്പൂണിത്തറയിലെ ഹില്‍ പാലസ്, ചങ്ങനാശേരിയിലെ കോണ്ടൂര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍ നിഷേധിച്ചപ്പോള്‍ കോടനാട്ടെ ഡ്യൂലാന്റ് ഹോട്ടലിന് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കുകയായിരുന്നു. ഡ്യൂലാന്റ് ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലും നല്‍കി. 

യുഡിഎഫ് മദ്യനയം ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പുതിയ ബാറുകള്‍ അനുവദിച്ചാല്‍ അത് മദ്യനയത്തിന് വിരുദ്ധമാകും. സംസ്ഥാനത്ത് മദ്യ ലഭ്യത് കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അപ്പീലില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

അതേസമയം ഡ്യൂലാന്റിന്  മാത്രം ബാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഡ്യൂലാന്റിന് ബാര്‍ അനുവദിച്ച് എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയെങ്കിലും അവര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി വന്നിരിക്കുന്നതിനാലാണ്  പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തത്. ഡ്യൂലാന്റിന് മാത്രമായി അനുകൂല തീരുമാനം വന്നതിന് പിന്നില്‍ എറണാകുളത്തെ ചില സിപിഎം നേതാക്കളാണെന്നാണ് ആരോപണം. 

ഡ്യൂലാന്റിന് ബാര്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നിലനില്‍ക്കുന്നുണ്ടായിരുന്നു. ബാര്‍ നടത്താനുള്ള പഞ്ചായത്തിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടായിരുന്നു അത്. തര്‍ക്കത്തെ തുടര്‍ന്ന എന്‍ഒസി കോടതി സ്റ്റേ ചെയ്തു. ഇത് നിലനില്‍ക്കേയാണ് ബാര്‍ അനുവദിച്ച് ഉത്തരവിറങ്ങുന്നത്. 

ഉത്തരവിറങ്ങിയതിന് ശേഷമാണ് എന്‍ഒസി തര്‍ക്കം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ ഹോട്ടലിന്റെ അയല്‍വാസി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യരപ്പെട്ട് ഹര്‍ജി നല്‍കി. ഹോട്ടലിന് എന്‍ഒസി തര്‍ക്കമുള്ള കാര്യം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ രേഖാമൂലം അറിയിച്ചിരുന്നതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.