തിരുവനന്തപുരം: 2014 ഏപ്രില്‍ മാസത്തോടെയാണ് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ വിഷയത്തിന്റെ ആരംഭം. സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കിനല്‍കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ 418 ബാറുകള്‍ അടച്ചുപൂട്ടി. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന സര്‍ക്കാര്‍  നയത്തെ, ഒക്ടോബര്‍ 30ന് ഹൈക്കോടതിയും ശരിവച്ചു. 

ആദ്യ പടിയായി ഫോര്‍ സ്റ്റാറില്‍ താഴെയുള്ള ബാറുകളുടെ അനുമതിയാണ് റദ്ദാക്കിയത്. പിന്നീട് ഫൈവ്സ്റ്റാറ് ഹോട്ടലുകള്‍ക്കു മാത്രം ലൈസന്‍സ് എന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നു. ഇതോടെ സംസ്ഥാനത്തെ 700ലധികം ബാറുകളുടെ പ്രവര്‍ത്തനം നിലച്ചു. പൂട്ടിയ പല ബാറുകള്‍ക്കും പകരം ബിയര്‍- വൈന്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു. ഇതിനിടെ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ബാര്‍ ഉടമകള്‍ രംഗത്തുവന്നതോടെ, രാഷ്ട്രീയ പോരാട്ടങ്ങളിലേയ്ക്കും കോഴ ആരോപണങ്ങളിലേയ്ക്കുമാണ് ബാര്‍വിഷയം എത്തിച്ചേര്‍ന്നത്. 

 

ബാര്‍ കേസിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍

2014 മാര്‍ച്ച് 31 - കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് 740 ബാറുകള്‍. ഇവയില്‍ 10 എണ്ണം കോടതിനടപടികളുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയായിരുന്നു.

2014 ഏപ്രില്‍ 01 - നിലവാരമില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 418 ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയില്ല. 

2014 സെപ്തംബര്‍ - പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് മതിയെന്ന് സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ലൈസന്‍സ് പുതുക്കിനല്‍കിയ 312 ബാറുകള്‍ പൂട്ടുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി ഉത്തരവായി.

2014 ഒക്ടോബര്‍ 30 - സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചതോടെ, 250 ടു സ്റ്റാര്‍-ത്രീ സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് കൂടി റദ്ദായി

2014 ഒക്ടോബര്‍ 31 - പൂട്ടിയ 250 ബാറുകളും തുറക്കാന്‍ കോടതിയുടെ വിധി. 2015 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയും ലഭിച്ചു. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ പിന്നീട് 12 ബാറുകള്‍ കൂടി തുറന്നു.

2015 മാര്‍ച്ച് 31 - പഞ്ചനക്ഷത്രത്തില്‍ താഴെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ശരിവച്ചതിനു പിന്നാലെ 300 ബാറുകള്‍ക്ക് കൂടി താഴുവീണു.

2015 ആഗസ്ത് 13 - മദ്യനയം ചോദ്യംചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലില്‍, മദ്യവില്‍പ്പന മൗലികാവകാശമല്ല എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

2015 ഡിസംബര്‍ 29 - ഹൈക്കോടതി വിധിക്കെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയുടെ വിധി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുന്നത് വിവേചനപരമാണെന്നായിരുന്നു വാദം. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.

നിലവില്‍ 27 പഞ്ചനക്ഷത്ര ബാറുകളും 33 ബാറുള്ള ക്ലബ്ബുകളുമാണ് സംസ്ഥാനത്തുള്ളത്. 806 ബിയര്‍-വൈന്‍ പാര്‍ലറുകളും.