കാറളം: തൃശ്ശൂരില്‍ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. താണിശ്ശേരി സ്വദേശിയായ രത്‌നാവതി എന്ന 76-കാരിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍, കേസെടുത്ത് അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ചുലക്ഷം രൂപയുടെ വായ്പയുടെ മറവില്‍ 20 ലക്ഷം രൂപയുടെ വായ്പ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് കേസ്. 

നേരത്തെ, അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്‌നാവതി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ ഈ പണയം പുതുക്കുന്ന കാര്യം രത്‌നാവതി അറിഞ്ഞില്ല. വായ്പാത്തുക ഇരുപതുലക്ഷത്തോളമായി മാറുകയും ചെയ്തുവെന്നാണ് രത്‌നാവതി പരാതിയില്‍ പറയുന്നത്. 

ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയെന്നും രത്‌നാവതി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രത്‌നാവതി ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഹര്‍ജി പരിശോധിച്ച കോടതി, ബാങ്ക് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്‌നാവതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ ബാങ്ക് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നും ബാങ്ക് പറയുന്നു. അങ്ങനെയെങ്കില്‍, ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരേ കേസ് എടുക്കാന്‍ എങ്ങനെയാണ് സാഹചര്യം നിലനില്‍ക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

content highlights: bank loan fraudulent in thrissur