ണ്ണുകളിലെ ഇരുട്ടിനെ അക്ഷരങ്ങളുടെ വെളിച്ചത്തില്‍ അതിജീവിക്കുന്ന സാഹിത്യകാരന്‍ ബാലന്‍ പുതേരിക്ക് പദ്മശ്രീ പുരസ്‌കാരം. ശ്രീകൃഷ്ണനെയും ഭക്ത കവി സൂര്‍ദാസിനെയും മനസ്സിന്റെ കാഴ്ചയാക്കി ബാലന്‍ പൂതേരി എഴുതിയത് ഇരുന്നൂറില്‍പരം പുസ്തകങ്ങളാണ്.

ജന്മനാല്‍ തന്നെ ബാലന്‍ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റര്‍ മാത്രം കാഴ്ച. കാഴ്ചയുള്ള കണ്ണുകൊണ്ട് വായനയുടെ ലോകത്തിലൂടെയായി സഞ്ചാരം.

പി.എസ്.എം.ഒ. കോളേജിലെ എം.എ. ചരിത്ര പഠനത്തിനുശേഷം 1983-ല്‍ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി. തുടര്‍ന്ന് എഴുത്തിന്റെ ലോകത്തിലൂടെ നീണ്ട സഞ്ചാരം. 1997-ല്‍ അമ്പതാമത്തെ പുസ്തകമായ 'ഗുരുവായൂര്‍ ഏകാദശി' പ്രസിദ്ധികരിച്ചു. തന്റെ പുസ്തകങ്ങള്‍ വച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നില്‍ തുലാഭാരം നടത്തിയാണ് ബാലന്‍ പൂതേരി സന്തോഷം പ്രകടിപ്പിച്ചത്.

അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം തന്റെ ഇടത് കണ്ണിനു മങ്ങല്‍ മൂടി. കാഴ്ചയ്ക്കും തടസ്സം അനുഭവപ്പെട്ടു. പിന്നീട് കാഴ്ച പൂര്‍ണ്ണമായും നഷ്ടമായെങ്കിലും ഓരോ ഐതിഹ്യകഥകളും സാരോപദേശ സന്ദേശങ്ങളും പുസ്തകമാക്കുന്ന തിരക്കിലായിരുന്നു.

മനസ്സില്‍ തെളിയുന്ന വാക്യങ്ങള്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കും. അവര്‍ അത് കടലാസിലേക്ക് പകര്‍ത്തും. ശ്രീകൃഷ്ണചരിതവും മുത്തപ്പന്‍ കഥകളും എഴുതുന്ന വേളകളില്‍ ഭക്തര്‍ തന്നെയാണ് എഴുതാന്‍ എത്താറ്.

2017 ഒക്ടോബര്‍ 19 ന് 'ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും' എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയര്‍ പ്രകാശനം ചെയ്തു. ബാലന്‍ പൂതേരിയെ തേടി 2011-ലെ കേരള സര്‍ക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരം എത്തി. ജയശ്രീ പുരസ്‌കാരം, ലത്തിന്‍ കത്തോലിക്ക ഐക്യവേദിയുടെ സുവര്‍ണ വിശിഷ്ട സേവാരത്നം ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു .കൂടാതെ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്.

ബാലന്‍ പൂതേരിയുടെ വേരുകള്‍ കോഴിക്കോട് ഫറോക്കിലാണെങ്കിലും ഇപ്പോള്‍ താമസം മലപ്പുറം ജില്ലയിലെ കാടപ്പടിയിലാണ്. ബാലന്‍ പൂതേരിയെ കുറിച്ച് കണ്ണൂര്‍ സ്വദേശിയും കാര്‍ട്ടൂണിസ്റ്റുമായ സി.ബി.കെ. നമ്പ്യാര്‍ 'അന്ധകാരത്തിലെ വെളിച്ചമെന്ന' പുസ്തകവും തിരുവനന്തപുരം സ്വദേശി പി.എസ്.ശ്രീകുമാര്‍ 'ധന്യമീ ജീവിതം' എന്ന പുസ്തകവും തയ്യാറാക്കിട്ടുണ്ട്. ശാന്തയാണ് ഭാര്യ. മകന്‍ രാംലാല്‍.