ബാലഭാസ്കർ| Photo: Mathrubhumi
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന സിബിഐ റിപ്പോര്‍ട്ട് ശരിവെച്ച് തിരുവനന്തപുരം സിജെഎം കോടതി. ബാലഭാസ്കറിന്റെ മരണം അപകടമരണമാണെന്ന സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് ശരിവെച്ചാണ് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ സമര്‍പിച്ച ഹര്‍ജി കോടതി തള്ളിയത്. അതേസമയം മറ്റൊരു അന്വേഷണഏജന്‍സിയുടെ മറ്റൊരു സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെ.സി. ഉണ്ണി പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടെന്നും പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ലെന്നുമാണ് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. അപകടശേഷം മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ബാലഭാസ്കറിന്റെ മൂന്ന് ഫോണുകള്‍ ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശന് തമ്പി രസീത് പോലുമില്ലാതെ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പ്രകാശന് തമ്പിയെ അറസ്റ്റ് ചെയ്യുകയും ബാലഭാസ്കറിന്റെ ഫോണുകള്‍ പ്രകാശന് തമ്പിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം.
ഹര്‍ജിയില്‍ ആദ്യം വാദം നടക്കുമ്പോള്‍ എല്ലാകാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്ന് സിബിഐ കോടതിയെ സിബിഐ അറിയിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ ഫോണുകളെ സംബന്ധിച്ച് ഡിആര്‍ഐ നടത്തിയ അന്വേഷണമോ പരിശോധനയോ പരിഗണിച്ചില്ലെന്ന് സിബിഐ സമ്മതിച്ചിരുന്നു. എന്നാലിപ്പോള്‍ സിബിഐയുടെ വാദമാണ് കോടതി അംഗീകരിച്ചിട്ടുള്ളത്. ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകളൊന്നുമില്ലെന്നും ദുരൂഹതകള്‍ ആരോപിക്കുന്നുണ്ടെങ്കിലും സിബിഐയ്ക്ക് അതൊന്നും അന്വേഷിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ബാലഭാസ്കറിന്റെ കുടുംബം അവ മുന്നോട്ടു കൊണ്ടുവരട്ടെ എന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..