തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്ത കലാഭവന്‍ സോബിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ചില കാര്യങ്ങള്‍ കലാഭവന്‍ സോബി  മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. 

ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞത്. ഉടന്‍തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തു.

ആറ്റിങ്ങല്‍ സി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ പിടിയലായതോടെയാണ് കലാഭവന്‍ സോബി അന്നുനടന്ന സംഭവങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. 

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ. തിരയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍പേര്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു.

വിഷ്ണുവാണ് അര്‍ജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്.  അപകടസമയത്ത് അര്‍ജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങള്‍ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 

2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. 

മെയ് 13-നാണ് സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, സെറീന എന്നിവരെയാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ആദ്യം അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സ്വര്‍ണക്കടത്തിന് പിന്നിലെ വന്‍ മാഫിയയെസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. തൊട്ടുപിന്നാലെയാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ അഡ്വ. ബിജു മോഹന്‍, ഇയാളുടെ ഭാര്യ, പ്രകാശ് തമ്പി തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 

Content Highlights: Balabhaskar Accident Death, Kalabhavan Sobi Reveals major information after accident