തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. 

കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു. 

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. 

അനുപമ ഐ.എ.എസിന്റെ റിപ്പോര്‍ട്ട് സി.ഡബ്ല്യു.സിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്നതായിരിക്കാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. അനുപമ ഐ.എ.എസിന്റെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വ്യക്തത വരണം. റിപ്പോര്‍ട്ട് ഒളിപ്പിച്ച് വയ്ക്കേണ്ടതല്ല. ആരൊക്കെ മൊഴി നല്‍കി, എന്താണ് മൊഴി എന്നു പുറത്തു വരണം. അങ്ങനെ വന്നാല്‍ തനിക്കും ഭര്‍ത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കും

അനുപമ ഐ.എ.എസ് രണ്ടു തവണ മൊഴി എടുത്തു. വിശദമായ മൊഴി നല്‍കിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്തു നല്‍കിയതെന്നു വരുത്തിത്തീര്‍ക്കാന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തു വിട്ടിരിക്കുകയാണ്. കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയില്‍ ചെന്നതിന്റെ തെളിവുകള്‍ രജിസ്റ്ററില്‍നിന്ന് ചുരണ്ടി മാറ്റി. ഇതിനൊക്കെ സര്‍ക്കാര്‍ വഴിയൊരുക്കുകയാണ്.

തനിക്കും അജിത്തിനുമെതിരെയുള്ള മോശം പ്രചാരണത്തിന് ഒരു കുറവുമില്ലെന്നും ഇതിനെല്ലാം പിന്നില്‍ സൈബര്‍ സഖാക്കളാണെന്നും അനുപമ പറഞ്ഞു. തെറ്റായ കാര്യങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഭാവി ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാകുകയാണെന്നും അനുപമ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയെ സമീപിക്കുമെന്നും പരാതി നല്‍കുമെന്നും അനുപമ പറഞ്ഞു.