സുധർമയും ഭർത്താവ് സുരേന്ദ്രനും കുഞ്ഞുമായി ഡോക്ടർമാരായ ലളിതാംബിക, ലത ബാബുക്കുട്ടി എന്നിവർക്കൊപ്പം
കൊഞ്ചിച്ചും പാലൂട്ടിയും താരാട്ടുപാടിയും സുധര്‍മയുടെ കൊതിമാറിയിരുന്നില്ല, താലോലിച്ച് സുരേന്ദ്രനും... വലിയൊരു നഷ്ടപ്പെടലിന്റെ വേദനകളില്‍ നിന്നുളള മോക്ഷമെന്നോണം വാര്‍ധക്യത്തില്‍ കൂട്ടായെത്തിയ മാലാഖക്കുഞ്ഞിന്റെ കളിചിരികളില്‍ ആ ദമ്പതിമാര്‍ ജീവിതത്തിന് പുതിയ താളം കണ്ടെത്തി വരികയായിരുന്നു. അതിനിടയിലാണ് രംഗബോധമില്ലാത്ത കോമാളിയായി മരണം ഒരിക്കല്‍ക്കൂടി അവര്‍ക്കിടയിലേക്ക് കടന്നത്തെത്തുന്നത്. 45 ദിവസം മാത്രം പ്രായമുളള ആ പൊന്നോമനയെ തട്ടിയെടുത്ത് സുധര്മയെയും സുരേന്ദ്രനെയും മരണം ഒരിക്കല്‍ക്കൂടി തനിച്ചാക്കി.
പാല് തൊണ്ടയില്‍ കുരുങ്ങി തിങ്കളാഴ്ച വൈകീട്ടാണ് കുഞ്ഞ് മരിക്കുന്നത്. ആലപ്പുഴയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 71-ാം വയസ്സില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്കിയ കുഞ്ഞിനെ വാത്സല്യത്തോടെ കൈകളിലെടുത്ത് സുധര്‍മയും സുരേന്ദ്രനും ആശുപത്രിയില്‍ നിന്ന് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ദിവസങ്ങള്‍ മാത്രം നീണ്ട സ്നേഹവാത്സല്യങ്ങളേറ്റുവാങ്ങി അവരുടെ പ്രിയപ്പെട്ട ശ്രീലക്ഷ്മി വിടപറയുമ്പോള്‍ ദമ്പതിമാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
സുധര്‍മയുടെയും ഭര്‍ത്താവ് സുരേന്ദ്രന്റെയും ഏക മകന് 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വര്‍ഷം മുമ്പാണ്. സൗദിയില്‍ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളര്‍ത്തിയപ്പോഴാണ് സുധര്‍മ ഒരു കുഞ്ഞിനു ജന്മം നല്കുന്നതിനെപ്പറ്റി ആലോചിച്ചത്. സുരേന്ദ്രനും ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. കൃത്രിമ ഗര്‍ഭധാരണം എന്ന ആവശ്യവുമായി സുധര്‍മ എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തു. ഇത്രയും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിനു ജന്മംനല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് അവര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ ഉറച്ചു നിന്നു.
കുഞ്ഞിന് 32 ആഴ്ച പ്രായമായ മാര്‍ച്ച് 18-നു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോള്‍ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോണ്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കയച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..