കൊച്ചി: തിരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ച മറ്റ് പല മണ്ഡലങ്ങളിലും സി.പി.എം നൽകിയ ശിക്ഷാ നടപടികളുമായി തട്ടിച്ചുനോക്കുമ്പോൾ പെരുമ്പാവൂരിൽ അത്തരമൊരു കടുത്ത നടപടി സ്വീകരിച്ചില്ലെന്ന് തോന്നിയതുകൊണ്ടാകണം എറണാകുളത്ത് സംസ്ഥാന നേതൃത്വം ഇടപെട്ടതെന്ന് കേരള കോൺഗ്രസ് എം. സ്ഥാനാർഥിയായിരുന്ന ബാബു ജോസഫ്. എറണാകുളം സി.പി.എം ജില്ലാ കമ്മിറ്റിയിലെ നേതാക്കൾക്കെതിരേ കൂട്ട നടപടിയെടുത്തതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പെരുമ്പാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയിൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിയെ പരിഹസിച്ച് ബാബു ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വീഴ്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സി മോഹനനെ താക്കീത് ചെയ്തിരുന്നു. ജില്ലാ നേതൃ യോഗങ്ങളിൽ തരംതാഴ്ത്തൽ, ശാസന തുടങ്ങിയ നടപടികളാണ് തീരുമാനിച്ചിരുന്നത്. വിശദീകരണക്കുറിപ്പിൽ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആറുപേരെ നടപടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ജില്ലാ നേതൃത്വം നടപടി മയപ്പെടുത്തി നേതാക്കളെ രക്ഷിച്ചുവെന്ന വികാരം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബാബു ജോസഫിന്റെ പ്രതികരണം.

ശാസനയാണ് പാർട്ടി നൽകുന്ന കഠിന ശിക്ഷയെങ്കിൽ നന്ന്. ശാസന അത്ര ഗൗരവമുള്ളകാര്യമാണെന്നാണ് പലരും പറഞ്ഞത്. ഗൗരവമില്ലെങ്കിൽ പാർട്ടി ആ നിലക്കേ കണ്ടിട്ടുള്ളൂവെന്ന് മാത്രം. എന്തായാലും തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു ബാബു ജോസഫിന്റെ അന്നത്തെ പ്രതികരണം.

അതേസമയം, എറണാകുളത്ത് തിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരേ ജില്ലാ കമ്മിറ്റി നൽകിയ ശിക്ഷ പോരെന്ന് തോന്നിയതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി കടുത്ത നീക്കത്തിലേക്ക് പോയത്. സമാനമായി വീഴ്ച സംഭവിച്ച മറ്റ് പല മണ്ഡലങ്ങളിലും നൽകിയ ശിക്ഷാ നടപടികളുമായി തട്ടിച്ചുനോക്കുമ്പോൾ പെരുമ്പാവൂരിൽ അത്തരമൊരു കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചില്ലായെന്ന് തോന്നിയതുകൊണ്ടാകണം സംസ്ഥാന നേതൃത്വം ഇടപെട്ടത്. ഇത് സി പി എം മുന്നണിയുടെ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് എറണാകുളം ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരേ അടക്കം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സി പി എം നടപടി ക്രമത്തിന്റെ ഭാഗമാണ്. ഇത് മറ്റൊരു പാർട്ടിയുടെ ആഭ്യന്തര പ്രശ്നമാണ്. അതിൽ ഇടപെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂരിലുണ്ടായ തിരഞ്ഞെടുപ്പ് വീഴ്ചയെപ്പറ്റി ഞാൻ എവിടേയും പരാതി കൊടുത്തിട്ടില്ല. സി പി എമ്മിന്റെ തൊണ്ണൂറ്റി ഒൻപത് ശതമാനം പ്രവർത്തകരും തിരഞ്ഞെടുപ്പിൽ എനിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് അന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ ഉണ്ടായതെന്നും ബാബു ജോസഫ് പറഞ്ഞു.

ഘടക കക്ഷി എന്ന നിലയിൽ താൻ ചെലവാക്കിയതല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. ഘടക കക്ഷി മത്സരിക്കുന്നിടത്തൊക്കെ സ്ഥാനാർഥി തന്നെ ചിലവ് വഹിക്കണമെന്നാണ് പറഞ്ഞത്. തന്നോട് ഇത് പറയുമ്പോഴും മറ്റ് മണ്ഡലങ്ങളിൽ സഹായിച്ചിട്ടുണ്ട്. താൻ മത്സരിച്ച മണ്ഡലത്തിൽ താൻ തന്നെ മുഴുവൻ തുകയും മുടക്കേണ്ടി വന്നു. സി പി എമ്മിന്റെഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ല. ഒരു ഘടക കക്ഷി എന്ന നിലയിൽ സി പി എമ്മാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്. തന്നെ സംരക്ഷിക്കേണ്ടത്സി പി എം ആയിരുന്നു. എന്നാൽ അത്തരത്തിലൊരു സഹകരണവും സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ബാബു ജോസഫ് പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ പത്ത് നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണിശങ്കർ, എൻ.സി. മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എൻ. സുന്ദരൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ എന്നിവരേയും വൈറ്റില ഏരിയാ സെക്രട്ടറി കെ.ഡി. വിൻസെന്റ്, പെരുമ്പാവൂർ ഏരിയാ സെക്രട്ടറി പി.എം. സലിം, ഏരിയാ കമ്മിറ്റി അംഗങ്ങളായ സാജു പോൾ, എം.ഐ. ബീരാസ്, ആർ.എം. രാമചന്ദ്രൻ എന്നിവരെയും കൂത്താട്ടുകുളം ഏരിയയിലെ പാർട്ടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി. മോഹൻ എന്നിവരേയും പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

പെരുമ്പാവൂർ ഏരിയാ കമ്മിറ്റി അംഗമായ സി.ബി. എ. ജബ്ബാറിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയിൽനിന്ന് പണം വാങ്ങിയത് വലിയ കുറ്റമായി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടും ജില്ലാ നേതൃത്വം കടുത്ത നടപടി സ്വീകരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.

Content Highlights:Babu josph response on cpm state committee action against ernakulam district committee members