പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയിൽ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിയെ പരിഹസിച്ച് കേരള കോൺഗ്രസ് എം സ്ഥാനാർഥി ബാബു ജോസഫ്. തിരഞ്ഞെടുപ്പ് വീഴ്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സി മോഹനനെ താക്കീത് ചെയ്തിരുന്നു. ഗുരുതരമായ വീഴ്ചയിൽ നടപടി താക്കീതിലൊതുക്കിയതിനെതിരെയാണ് ബാബു ജോസഫിന്റെ പരിഹാസം. കേരള കോൺഗ്രസ് ജോസ് വിഭാഗം വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റാണ് ബാബു ജോസഫ്.

പ്രധാനപ്പെട്ട ചില നേതാക്കളുടെ ഭാഗത്ത് നിന്നും തനിക്കെതിരായ നീക്കങ്ങളുണ്ടായി. യു ഡി എഫിന് മേൽക്കൈ ഉണ്ടായിരുന്ന പഞ്ചായത്തുകളിൽ യു ഡി എഫിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. ആ അവസരത്തിൽ എൽദോസ് കുന്നപ്പള്ളി പോലും പരാജയം സമ്മതിച്ച് തനിക്ക് ഷേക്ക് ഹാൻഡ് നൽകി പുറത്തേക്ക് പോയി. എന്നാൽ പിന്നീട് സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ നാല് പഞ്ചായത്തുകളിലെത്തിയപ്പോൾ അവിടെ എൽദോസ് കുന്നപ്പള്ളി ലീഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായി. സി പി എമ്മിന്റെ ഉരുക്ക് കോട്ടകളിലാണ് വോട്ട് ചോർച്ച ഉണ്ടായിരിക്കുന്നത്. ചില നേതാക്കളുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായി എന്ന വിമർശനമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

ശാസനയാണ് പാർട്ടി നൽകുന്ന കഠിന തടവെങ്കിൽ നന്ന്. ശാസന അത്ര ഗൗരവമുള്ളകാര്യമാണെന്നാണ് പലരും പറഞ്ഞത്. ഗൗരവമില്ലെങ്കിൽ പാർട്ടി ആ നിലക്കേ കണ്ടിട്ടുള്ളൂവെന്ന് മാത്രം. എന്തായാലും തനിക്ക് പരാതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഘടക കക്ഷി എന്ന നിലയിൽ ഞാൻ ചെലവാക്കിയതല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. ഘടക കക്ഷി മത്സരിക്കുന്നിടത്തൊക്കെ സ്ഥാനാർഥി തന്നെ ചിലവ് വഹിക്കണമെനന്നാണ് പറഞ്ഞത്. എന്നോട് ഇത് പറയുമ്പോഴും മറ്റ് മണ്ഡലങ്ങളിൽ സഹായിച്ചിട്ടുണ്ട്. താൻ മത്സരിച്ച മണ്ഡലത്തിൽ താൻ തന്നെ മുഴുവൻ തുകയും മുടക്കേണ്ടി വന്നു. സി പി എമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ല. ഒരു ഘടക കക്ഷി എന്ന നിലയിൽ സി പി എമ്മാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്. തന്നെ സംരക്ഷിക്കേണ്ടത് സി പി എം ആയിരുന്നു. എന്നാൽ അത്തരത്തിലൊരു സഹകരണവും സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Babu Joseph slams against cpm ernakulam district committee