പി.ഐ. ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ 1,448.5 കോടിരൂപ മൂല്യംവരുന്ന 42.48 ലക്ഷം ഓഹരികളുടെ ഉടമകളാണ് എറണാകുളം സ്വദേശിയായ ബാബു ജോര്‍ജ് വളവിയും അദ്ദേഹത്തിന്റെ നാലു സഹോദരങ്ങളും. പക്ഷെ...
ഈ പക്ഷേയ്ക്ക് പിന്നില്‍ വലിയൊരു കഥയുണ്ട്. ഉടമകള്‍ അറിയാതെ കമ്പനി ഓഹരികള്‍ മറിച്ചുവിറ്റുവെന്ന് ആരോപിച്ച് ബാബുവും സഹോദരങ്ങളും സെബി (സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ സമീപിച്ചിരിക്കുകയാണ്. 2015-ല്‍ ആരംഭിച്ച ഇവരുടെ ഓഹരിവ്യവഹാരം ആറുകൊല്ലത്തിനിപ്പുറം ഇന്നും തുടരുകയാണ്.

ആരംഭം 1978-ല്‍

1978-ലാണ് ബാബു വളവിയും സഹോദരങ്ങളും മേവാര്‍ ഓയില്‍ ആന്‍ഡ് ജനറല്‍ മില്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ 3,500 ഓഹരികള്‍ വാങ്ങുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ്‌ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കീടനാശിനി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനിയുടെ, കേരളത്തിലെ വിതരണക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് ബാബു. 

കമ്പനിയുമായുള്ള ബിസിനസ് ബന്ധത്തിന്റെ പുറത്താണ് ബാബുവും സഹോദരങ്ങളും ഓഹരികള്‍ വാങ്ങുന്നത്. പില്‍ക്കാലത്ത് മേവാര്‍ ഓയില്‍ ആന്‍ഡ് ജനറല്‍ കമ്പനി, പി.ഐ. ഇന്‍ഡസ്ട്രീസ് എന്നു പേരുമാറി. ബാബു ഓഹരികള്‍ വാങ്ങുന്ന സമയത്ത് കമ്പനി ലാഭത്തില്‍ ആയിരുന്നില്ല. അതിനാല്‍ത്തന്നെ ഡിവിഡന്റുകളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതിനാല്‍ ഓഹരികള്‍ മറിച്ചുവില്‍ക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നില്ല. 

എന്നാല്‍ 1983-ഓടെ കമ്പനിയുടെ ഒന്നുരണ്ട് ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ ബാബുവിന്റെ വ്യാപാരം മോശമായി. ഇതോടെ ബാബു ഈ വ്യാപാരം നിര്‍ത്തുകയും വേറെ ബിസിനസിലേക്ക് തിരിയുകയും ചെയ്തു. എന്നാല്‍ ഓഹരികളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതിനാല്‍ അത് അതേപടി തന്നെ സൂക്ഷിക്കുക മാത്രമേ വഴിയുണ്ടായുള്ളൂവെന്ന് ബാബു പറയുന്നു.

കമ്പനി ലാഭത്തിലാണെന്ന് തിരിച്ചറിയുന്നു

2015-ല്‍ പഴയ രേഖകള്‍ പരിശോധിക്കുന്നതിനിടെ ബാബുവിന്റെ മകനാണ് പി.ഐ. ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നത്. തുടര്‍ന്ന് ഇപ്പോള്‍ എന്താണ് കമ്പനിയുടെ അവസ്ഥ എന്ന് അന്വേഷിക്കാന്‍ ബാബുവും സഹോദരങ്ങളും തീരുമാനിച്ചു. രാജസ്ഥാനിലെ ഉദയ്പുറിലെ സിംഘാള്‍ ബിസിനസ് കുടുംബമാണ് പി.ഐ. ഇന്‍ഡസ്ട്രീസിന്റെ ഉടമകള്‍. കമ്പനി ലിസ്റ്റഡ് ആണെന്നും നല്ല  ലാഭത്തിലാണെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഇതോടെ ഓഹരികള്‍ ഡീമാറ്റ് ചെയ്യാന്‍ ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാര്‍വി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തെ സമീപിച്ചു. കമ്പനിയെ നേരിട്ട് ബന്ധപ്പെടാനായിരുന്നു കാര്‍വി അസോസിയേറ്റ്സിന്റെ നിര്‍ദേശം. തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ നിങ്ങളുടെ പേരില്‍ ഓഹരികള്‍ ഇല്ലെന്നായിരുന്നു കമ്പനിയില്‍നിന്ന് ലഭിച്ച മറുപടി.

ഉടമകളറിയാതെ ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നു 

ഷെയര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ കൈവശമിരിക്കെ അവ മറ്റു വ്യക്തികള്‍ക്ക് എങ്ങനെ വില്‍ക്കാന്‍ സാധിക്കുമെന്ന് ബാബു കമ്പനിയോടു ചോദിച്ചു. എന്നാല്‍ ഇതിന് കമ്പനിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് ബാബു പറയുന്നു. തുടര്‍ന്ന് കമ്പനിയുടെ ചെയര്‍മാനെ ബന്ധപ്പെട്ടു. ബാബുവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള മുഴുവന്‍ ഓഹരികളും വിറ്റുപോയിട്ടില്ലെന്ന് വിഷയം പഠിച്ചതിനുശേഷം ചെയര്‍മാന്‍ ബാബുവിനെ എഴുതി അറിയിച്ചു. 

ഡല്‍ഹി ഗുരുഗ്രാമിലെ  കമ്പനി ഹെഡ് ഓഫീസിലേക്ക് നേരിട്ട് വന്നാല്‍ വിഷയം പരിഹരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് എഴുതിയ കത്തില്‍ കമ്പനി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടായിരുന്നു ചെയര്‍മാന്റെ നീക്കം. എന്നാല്‍ ഡല്‍ഹിയാത്ര കൊണ്ട് ഫലമുണ്ടാകാനിടയില്ലെന്ന് മനസ്സിലായ ബാബു, ആ ക്ഷണം നിരസിച്ചു. 

ഇതോടെ, വിഷയവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കമ്പനി കൊച്ചിയിലേക്ക് അയച്ചു. കമ്പനി ഡയറക്ടറായ രജനീഷ് സര്‍ണ, സി.എച്ച്.എന്‍. റാവു എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 2016 ജനുവരിയിലായിരുന്നു ഇത്. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ തന്റെയും സഹോദരങ്ങളുടെയും ഭാഗത്താണ് ന്യായമെന്ന് കമ്പനിക്ക് മനസ്സിലായതായി ബാബു പറയുന്നു. ബോണസ് ഷെയറും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ 42.48 ലക്ഷം ഓഹരികള്‍ക്കാണ് ബാബുവിനും സഹോദരങ്ങള്‍ക്കും അര്‍ഹതയുള്ളത്. നിലവില്‍ 1448.5 കോടിയുടെ മൂല്യമാണ് ഈ ഷെയറിന് ഇപ്പോഴുള്ളത്. ഇത് നല്‍കിയാല്‍ മതി മറ്റൊന്നും വേണ്ട എന്നായിരുന്നു ബാബുവിന്റെ നിലപാട്. കമ്പനി ചെയര്‍മാനെ വിവരങ്ങള്‍ അറിയിക്കാമെന്നും കാര്യങ്ങള്‍ ശരിയാക്കാമെന്നും രണ്ടംഗ സമിതി ഉറപ്പു നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

സെബിക്ക് പരാതി 

കമ്പനി നിയോഗിച്ചവർ വന്ന് അന്വേഷിച്ചിട്ടും ഫലമൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സെബിയ്ക്ക് പരാതി നല്‍കാന്‍ ബാബു തീരുമാനിച്ചത്. കൊച്ചിയിലെ സെബി ഓഫീസില്‍ പോയി പരാതി നല്‍കി. പരാതിയും രേഖകളും പരിശോധിച്ച ശേഷം ഇവ ജയ്പുറിലെ സെബി ഓഫീസിലേക്ക് അയച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാന്‍ കമ്പനിയോട് ജയ്പുര്‍ സെബി നിര്‍ദേശിച്ചു. ബാബുവിന്റെയും സഹോദരങ്ങളുടെയും ഓഹരികള്‍, മറ്റുള്ളവര്‍ക്ക് വിറ്റുപോയത് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് ജയ്പുര്‍ സെബി നിര്‍ദേശം നല്‍കി. എന്നാല്‍ തൊടുന്യായങ്ങൾ  പറയുന്നതല്ലാതെ ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും ഹാജരാക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെയും രണ്ടാമത്തെയും പരാതികള്‍ കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാകാത്തതോടെ മൂന്നാമതും ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്. സെബി വേണ്ട നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബാബുവിനെ അറിയിച്ചിരിക്കുന്നത്.  

കമ്പനിയുടെ വാദം

ബാബുവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള ഓഹരികള്‍ 1989-ല്‍ വില്‍ക്കപ്പെട്ടുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഉദയ്പുറിലുള്ള 13 പേരാണ് ഈ ഓഹരികള്‍ വാങ്ങിയിരിക്കുന്നതെന്നാണ് കമ്പനി രേഖകള്‍. ഒരുദിവസമാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്നാണ് ബാബുവിന്റെയും സഹോദരങ്ങളുടെയും ആരോപണം. ഈ 13 പേരുടെയും വിലാസം പരിശോധിച്ചെന്നും അന്നത്തെ കമ്പനി സെക്രട്ടറിയായിരുന്ന ജി.സി. ജെയ്ന്‍ എന്നയാളാണ് ഈ ഇടപാടുകള്‍ പൂര്‍ത്തീകരിച്ചതെന്നും ബാബു പറയുന്നു. വിറ്റതില്‍ അഞ്ഞൂറു ഓഹരികള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത് മധു ജെയ്ന്‍ എന്ന സ്ത്രീയുടെ പേരിലേക്കാണ്. ഈ സ്ത്രീയുടെ മേല്‍വിലാസവും ജെയിന്റെ മേല്‍വിലാസവും ഒന്നാണ്. അതിനാല്‍ മധു ജെയ്ന്‍, ജി.സി. ജെയ്ന്റെ ഭാര്യയോ മകളോ ആകാന്‍ സാധ്യതയുണ്ടെന്നും ബാബു പറയുന്നു. മധുവും ജി.സി. ജെയ്നും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ബാബു അന്വേഷിക്കുന്നുണ്ട്.

വലയ്ക്കുന്ന കമ്പനി

73-കാരനായ ബാബു ഉള്‍പ്പെടെയുള്ള ഓഹരി ഉടമകളെല്ലാം മുതിര്‍ന്ന പൗരന്മാരാണ്. ഈ പ്രായത്തില്‍ വ്യവഹാരവുമായി നടക്കുന്നതിന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇവര്‍ക്കെല്ലാമുണ്ടുതാനും. അഞ്ച് ഓഹരി ഉടമകളില്‍ ഒരാള്‍ വിധവയാണ്. കമ്പനി അവരുടെ സ്വാധീനം ഉപയോഗിച്ച് നടപടികള്‍ തടസ്സപ്പെടുത്തുകയും വൈകിപ്പിക്കുകയുമാണെന്നാണ് ബാബുവിന്റെ ആരോപണം. മറ്റൊരു ഓഹരിയുടമ ദക്ഷിണാഫ്രിക്കൻ പൗരനാണ്. ഇദ്ദേഹത്തിന് ഒ.സി.ഐ. കാര്‍ഡുമുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതും മറ്റും പ്രോത്സാഹിപ്പിക്കാനാണ് ആളുകള്‍ക്ക് ഒ.സി.ഐ. കാര്‍ഡ് നല്‍കുന്നത്. കമ്പനികളെ കണ്ടിട്ടല്ല, സര്‍ക്കാരും സെബിയും തങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പിനു പുറത്താണ് തങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നത് ദുഃഖകരമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം, ബാബുവിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള ഓഹരികളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ എങ്ങനെ ഇഷ്യൂ ചെയ്യപ്പെട്ടു എന്ന് വ്യക്തമായാല്‍ മാത്രമേ ഈ വ്യവഹാരത്തിന് അവസാനം ഉണ്ടാവുകയുള്ളൂവെന്ന് പ്രമുഖ ഓഹരി വിദഗ്ധനും സെബി അംഗീകൃത ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറുമായ ജയ്ദീപ് മേനോന്‍ മാതൃഭൂമി ഡോട്ട് കോമിനോടു പ്രതികരിച്ചു.

Content Highlights: babu george valavi share issue with oi industries