തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെ വാളയാര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാളയാറിലെത്തി ദുരന്തം നേരിട്ട കുടുംബത്തിലെ മതാപിതാക്കളെ ആശ്വസിപ്പിക്കണമെന്നും അതിനായി എല്ലാ സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അടൂരിനുള്ള തുറന്ന കത്തില്‍ പറഞ്ഞു. അടൂരിന്റെ ഒരു പ്രസ്താവനയില്‍ താന്‍ രൂക്ഷമായി പ്രതികരിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ടാണ് ബി. ഗോപാലകൃഷ്ണന്റെ പുതിയ പ്രതികരണം.

താങ്കള്‍ കേരളപ്പിറവി ദിനത്തില്‍ വന്നാല്‍ കൂടതല്‍ നന്നായിരിക്കും. അങ്ങയോട് മാത്രമാണ് നേരിട്ട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നത്. കാരണം മറ്റ് സംസ്‌കാരിക നായകരെപ്പോലെയല്ലല്ലൊ താങ്കള്‍. അവരെല്ലാം ഉത്തരേന്ത്യയിലെ തിരക്കിലായിരിക്കും. കണ്ണുള്ള കുരുടന്‍മാരായി കേരളത്തിലെ സാംസ്‌കാരിക നായകര്‍ അധ:പതിച്ചുകഴിഞ്ഞതുകൊണ്ടാണ് അങ്ങയെ പോലെയുള്ളവരോട് ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരിലും വടക്കെ ഇന്ത്യയിലും പശുവിനെ തപ്പിനടക്കുന്ന ജനാധിപത്യ മതേതര ബുദ്ധിജീവികളുടെ കേരളത്തിലെ മങ്ങിയ കാഴ്ചക്ക് മാറ്റം വരുത്തുവാന്‍ അങ്ങയുടെ പ്രതികരണത്തിനും സന്ദര്‍ശനത്തിനും കഴിയും. മാത്രമല്ല ഇത്‌വരെ ഇവിടെ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുറ്റബോധത്തിനും ഉള്‍വിളിക്കും കാരണമാകും. മന്ത്രി ബാലനും ഒരു കുറ്റബോധമുണ്ടാകാന്‍ ഇത് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പാണ്. തീര്‍ച്ചയായും കേരളത്തിന്റെ ശബ്ദമായി താങ്കളുടെ പ്രതികരണവും സന്ദര്‍ശനവും മാറുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Content Highlights: b. gopalakrishnan writes open letter to adoor gopalakrishnan on walayar case